വനിതാ കമ്മീഷന്‍ അംഗം ഓട്ടോ വിളിച്ചു;  ഇറങ്ങിപ്പോ സ്ത്രീയേയെന്ന് ഡ്രൈവറുടെ മറുപടി; ഞെട്ടി ഷാഹിദ കമാല്‍

ഒരു വനിത കമ്മീഷന്‍ അംഗത്തോട് ഇങ്ങനെയാണ് പെരുമാറ്റമെങ്കില്‍ സാധാരണക്കാരുടെ അവസ്ഥയെന്താകും 
വനിതാ കമ്മീഷന്‍ അംഗം ഓട്ടോ വിളിച്ചു;  ഇറങ്ങിപ്പോ സ്ത്രീയേയെന്ന് ഡ്രൈവറുടെ മറുപടി; ഞെട്ടി ഷാഹിദ കമാല്‍

മലപ്പുറം:  ഓട്ടോ ഡ്രൈവറുടെ മോശം പെരുമാറ്റം തുറന്നു പറഞ്ഞ് വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍. മലപ്പുറത്ത് കുടുംബശ്രീ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് ഷാഹിദ കമാലിനോട് ഓട്ടോ ഡ്രൈവര്‍ മോശമായി പെരുമാറിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ ആറരയോടെ അങ്ങാടിപ്പുറം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഓട്ടോ വിളിച്ചപ്പോഴായിരുന്നു ദുരനുഭവം.

അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ വാര്‍ഷികം ഉദ്ഘാടനം ചെയ്യാനാണു ഷാഹിദ രാജ്യറാണി എക്‌സ്പ്രസില്‍ വന്നിറങ്ങിയത്. രണ്ടു കിലോമീറ്ററിനപ്പുറമുള്ള റെസ്റ്റ് ഹൗസിലേക്കാണു പോകേണ്ടിയിരുന്നത്. തീര്‍ത്തും ഉള്‍പ്രദേശമായ അങ്ങാടിപ്പുറം റെയില്‍വേ സ്‌റ്റേഷനില്‍നിന്നു ടൗണിലേക്കോ പുറത്തേക്കോ പോകാന്‍ ഓട്ടോ മാത്രമാണ് ആശ്രയം. വരിനിന്നാണ് ഓട്ടോയില്‍ കയറിയത്. എങ്ങോട്ടാണ് പോകേണ്ടതെന്ന് ചോദിച്ചപ്പോള്‍ സ്ഥലം പറഞ്ഞു.

അവിടത്തെ സ്ഥിരം ഓട്ടോക്കാരനായ ചെറുപ്പക്കാരന് പക്ഷേ തൊട്ടടുത്തുള്ള റെസ്റ്റ് ഹൗസ് എവിടെയാണെന്നറിയില്ല. റെസ്റ്റ് ഹൗസോ അതെവിടെയാണ് എന്ന് ധാര്‍ഷ്ട്യത്തോടെ ചോദിച്ചു. കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ െ്രെഡവര്‍ ഓട്ടോ നിര്‍ത്തി. ഇവിടെ ഓടുന്ന നിങ്ങള്‍ക്ക് അതറിയില്ലേ? തൊട്ടടുത്താണ് എന്നു മറുപടി നല്‍കി. ഓട്ടം പോകുന്നില്ല എന്നായി െ്രെഡവര്‍. അതെന്താ പോകാത്തത്? എന്നെ അവിടെ എത്തിക്കാന്‍ നിങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട് എന്നു പറഞ്ഞപ്പോള്‍ അയാളുടെ മട്ടുമാറി.

'ഇറങ്ങിപ്പോ സ്ത്രീയേ..' എന്ന് അയാള്‍ ആക്രോശിച്ചു. എന്തു പറഞ്ഞിട്ടും അങ്ങോട്ടൊന്നും കേള്‍ക്കാതെ ആക്രോശം തുടര്‍ന്നു. ഞാന്‍ ആരാണെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ അവിടെ കൊണ്ടുവിടുമെന്ന് പറഞ്ഞിട്ടും കേട്ട മട്ടില്ല. വണ്ടി നിര്‍ത്തിയിട്ടിരിക്കുകയാണ്, വേഗം ഇറങ്ങ് സ്ത്രീയേ എന്ന് ആവര്‍ത്തിച്ചു. സഹികെട്ടപ്പോള്‍ ഞാന്‍ വനിതാ കമ്മിഷന്‍ അംഗമാണെന്നു വെളിപ്പെടുത്തി. പെരിന്തല്‍മണ്ണ സിഐയെ വിളിച്ച് െ്രെഡവറുടെ ധിക്കാരപരമായ പെരുമാറ്റത്തെ കുറിച്ച് പറഞ്ഞു. ഇതോടെ ഓട്ടോക്കാരന്റെ ദേഷ്യമടങ്ങുകയായിരുന്നെന്നും ഷാഹിദ പറയുന്നു. 

സ്ത്രീയേ എന്നു ആക്രോശിച്ചയാള്‍ മാഡം എവിടെയാണ് എത്തിക്കേണ്ടത് എന്നു ചോദിക്കാന്‍ തുടങ്ങി. സ്വഭാവം സൗമ്യമായി. റെസ്റ്റ് ഹൗസിലേക്കാണെന്നു വീണ്ടും പറഞ്ഞപ്പോള്‍ അവിടെയെത്തിച്ചു. എത്ര രൂപയായി എന്നു തിരിക്കിയപ്പോള്‍ പൈസ വേണ്ടെന്നായി. അതല്ല, നിങ്ങളുടെ ജോലിക്കുള്ള കൂലിയാണിത്. എത്രയാണു തരേണ്ടെതെന്നു ചോദിച്ചു. പറഞ്ഞതുപോലെ 40 രൂപ നല്‍കി. റെസ്റ്റ് ഹൗസില്‍ കാത്തുനിന്നിരുന്ന കുടുംബശ്രീ അംഗങ്ങളോടു സംഭവം പറഞ്ഞപ്പോള്‍ ഇതിനേക്കാള്‍ ഭീകരമായ അനുഭവങ്ങള്‍ അവര്‍ തിരിച്ചു പറഞ്ഞെന്നും ഷാഹിദ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com