'ഇത് മിക്കിയല്ല, എന്റെ ശംഭുവാണ്'; മെട്രോ പൂച്ചയെ സ്വന്തമാക്കാന്‍ വന്‍ തിരക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd January 2020 10:26 AM  |  

Last Updated: 22nd January 2020 10:26 AM  |   A+A-   |  

 

കൊച്ചി: മെട്രോ തൂണുകള്‍ക്കിടയില്‍ കുടുങ്ങിപ്പോയ പൂച്ചയെ തിരക്കി കടവന്ത്രയിലെ മൃഗാശുപത്രിയില്‍ എത്തിയത് പത്തിലധികം പേര്‍. കൊച്ചി മെട്രോ മിക്കിയെന്ന് പേരിട്ട ഈ പൂച്ചയെ തങ്ങള്‍ക്ക് തരണം എന്നാവശ്യപ്പെട്ടാണ് ഇവര്‍ എത്തിയത്. ആലുവയില്‍ നിന്നെത്തിയ സ്ത്രീ പൂച്ച തന്റേതാണെന്ന് അവകാശവാദമുന്നയിച്ചു. ഇത് തന്റെ പൂച്ചയാണെന്നും സഹോദരന് ഇഷ്ടമല്ലാത്തതിനാല്‍ കളഞ്ഞതാണ് എന്നുമാണ് ഇവര്‍ പറഞ്ഞത്. 

പൂച്ച തന്റേതാണെന്ന് തെളിയിക്കുന്ന ഒരു രേഖയും ഇല്ലാത്തതിനാല്‍ സ്ത്രീക്ക് പൂച്ചയെ വിട്ടുനല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. പൂച്ചയുടെ പേര് ശംഭു എന്നാണെന്നും ഇവര്‍ പറഞ്ഞു. പൂച്ചയെ തരുമോ എന്നാവശ്യപ്പെട്ട് നിരവധി കുട്ടികളുടെയും വിളിയെത്തി. 

അര്‍ഹതപ്പെട്ട ഒരാളെ കണ്ടെത്തിയതിന് ശേഷം പൂച്ചയെ കൈമാറും. അടുത്ത ദിവസം പൂച്ചയെ രക്ഷിച്ച ഫയര്‍ ഫോഴ്‌സ് അംഗങ്ങളെ സൊസൈറ്റി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ് സംഘടനയുടെ നേതൃത്വത്തില്‍ ആദരിക്കും. ഈ ചടങ്ങില്‍വെച്ച് പൂച്ചയെ കൈമാറാനാണ് ആലോചിക്കുന്നത്. 

പൂച്ചയുടെ ദത്തെടുക്കലിന് സത്യവാങ്മൂലം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. ബുധനാഴ്ച പൂച്ചയെ മൃഗാശുപത്രിയില്‍ നിന്ന് മാറ്റും. പൂച്ചയെ തേടി ആളുകള്‍ എത്തുന്നതുകൊണ്ടാണ് പുതിയ സ്ഥലത്തേക്ക് മാറ്റുന്നത്.