കൂലിപ്പണി ചെയ്തു ജീവിതം തുടങ്ങി; 87 കുടുംബങ്ങള്‍ക്ക് പാര്‍ക്കാന്‍ ഫ്‌ലാറ്റ് സമുച്ചയം; മഹാമനസ്‌കതയെന്ന് പിണറായി

അദ്ദേഹത്തോട് ഈ സമൂഹം കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതം എല്ലാവര്‍ക്കും പ്രചോദനമാകണമെന്ന് ആഗ്രഹിക്കുന്നു
കൂലിപ്പണി ചെയ്തു ജീവിതം തുടങ്ങി; 87 കുടുംബങ്ങള്‍ക്ക് പാര്‍ക്കാന്‍ ഫ്‌ലാറ്റ് സമുച്ചയം; മഹാമനസ്‌കതയെന്ന് പിണറായി

തിരുവനന്തപുരം: സര്‍ക്കാര്‍ ആവിഷ്‌കരിച്ച ലൈഫ് പദ്ധതിയ്ക്ക് ഒരേക്കര്‍ ഭൂമി കൈമാറിയ കൊല്ലം കടയ്ക്ക്ല്‍ സ്വദേശിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ത്യജിക്കാനും സ്‌നേഹിക്കാനും കഴിയുന്നവരാണ് ഈ ലോകത്തിന്റെ ശക്തിയെന്ന് അബ്ദുള്ളയെ അഭിനന്ദിച്ച പിണറായിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ പറയുന്നു. 

കോട്ടപ്പുറം വാര്‍ഡില്‍ തന്റെ പേരിലുള്ള ഒരു ഏക്കര്‍ ഭൂമിയുടെ ആധാരമാണ് അബ്ദുള്ള മുഖ്യമന്ത്രിക്ക് കൈമാറിയത്. കടയ്ക്കലില്‍ 87 കുടുംബങ്ങള്‍ക്ക് പാര്‍പ്പിടമൊരുക്കാന്‍ സാധിക്കുന്ന ഫ്‌ളാറ്റ് സമുച്ചയമാണ് അദ്ദേഹത്തിന്റെ മഹാമനസ്‌കത കൊണ്ടു സാധ്യമാകുന്നതെന്ന് പിണറായി പറഞ്ഞു.

ഫെയ്‌സുബുക്ക് കുറിപ്പന്റെ പൂര്‍ണരൂപം

ത്യജിക്കാനും സ്‌നേഹിക്കാനും കഴിയുന്നവരാണ് ഈ ലോകത്തിന്റെ ശക്തി. അവരുടെ ചിറകിലാണ് ചരിത്രം എന്നും മുന്നോട്ടു കുതിച്ചിട്ടുള്ളത്. അക്കൂട്ടത്തിലൊരാളെ ഇന്നലെ കണ്ടുമുട്ടാനിടയായി. കൊല്ലം കടയ്ക്കല്‍ സ്വദേശി അബ്ദുള്ള. എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന ലക്ഷ്യം നിറവേറ്റുന്നതിനായി ഗവണ്മെന്റ് ആവിഷ്‌കരിച്ച ലൈഫ് പദ്ധതിയ്ക്ക് കൈത്താങ്ങായി കടയ്ക്കല്‍ പഞ്ചായത്തിലെ കോട്ടപ്പുറം വാര്‍ഡില്‍ തന്റെ പേരിലുള്ള ഒരു ഏക്കര്‍ ഭൂമിയുടെ ആധാരം കൈമാറാന്‍ തിരുവനന്തപുരത്ത് വന്നതായിരുന്നു അദ്ദേഹം. കടയ്ക്കലില്‍ 87 കുടുംബങ്ങള്‍ക്ക് പാര്‍പ്പിടമൊരുക്കാന്‍ സാധിക്കുന്ന ഫ്‌ളാറ്റ് സമുച്ചയമാണ് അദ്ദേഹത്തിന്റെ മഹാമനസ്‌കത കൊണ്ടു സാധ്യമാകുന്നത്.

തമിഴ്‌നാട് സ്വദേശിയായ അബ്ദുള്ള 1983ല്‍ ആണ് കടയ്ക്കലില്‍ എത്തുന്നത്. കൂലിപ്പണി ചെയ്തു ജീവിതം തുടങ്ങിയ അദ്ദേഹം കഠിനാദ്ധ്വാനത്തിലൂടെ ചെറുകിട ബിസിനസിലേയ്ക്ക് വളര്‍ന്നു. അന്വേഷിച്ചപ്പോള്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം തന്റെ സമയവും സമ്പത്തും ചിലവഴിക്കുന്നു എന്നു മനസ്സിലാക്കാന്‍ സാധിച്ചു. അദ്ദേഹത്തോട് ഈ സമൂഹം കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതം എല്ലാവര്‍ക്കും പ്രചോദനമാകണമെന്ന് ആഗ്രഹിക്കുന്നു. സമൃദ്ധിയും സമാധാനവും നിറഞ്ഞ നവകേരളം നിര്‍മ്മിക്കാന്‍ അബ്ദുള്ളയെപ്പോലെ മനുഷ്യസ്‌നേഹം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നമുക്ക് മുന്നോട്ടു പോകാന്‍ സാധിക്കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com