'ഉത്സവത്തിന് ഹിന്ദു പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കണം'; വിചിത്ര ആവശ്യമായി ദേവസ്വം അധികൃതര്‍, വിവാദം

ഉത്സവത്തിന് പൊലീസുകാരെ നിയോഗിക്കുന്നതില്‍ വിചിത്ര ആവശ്യമായി തൃപ്പൂണിത്തുറ ദേവസ്വം അസി. കമ്മീഷണര്‍
'ഉത്സവത്തിന് ഹിന്ദു പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കണം'; വിചിത്ര ആവശ്യമായി ദേവസ്വം അധികൃതര്‍, വിവാദം

കൊച്ചി: ഉത്സവത്തിന് പൊലീസുകാരെ നിയോഗിക്കുന്നതില്‍ വിചിത്ര ആവശ്യമായി തൃപ്പൂണിത്തുറ ദേവസ്വം അസി. കമ്മീഷണര്‍. ക്രമസമാധാനത്തിനും ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനും ഹിന്ദു പൊലീസുകാരെ നിയോഗിക്കണം എന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറ ദേവസ്വം അസി. കമ്മീഷണര്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് അയച്ച കത്ത് വിവാദമായി. കത്തിനെതിരെ പൊലീസ് അസോസിയേഷന്‍ ദേവസ്വം മന്ത്രിക്കും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കി. സംഭവം വിവാദമായതോടെ ദേവസ്വം ബോര്‍ഡ് കത്ത് തിരുത്തി.

വൈറ്റില ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയത്തോടനുബന്ധിച്ചാണ് ദേവസ്വം അസി. കമ്മീഷണറുടെ വിചിത്ര ആവശ്യം. ഫെബ്രുവരി എട്ടിനാണ് തൈപ്പൂയ മഹോത്സവം. ഇതിന്റെ ഭാഗമായി വിന്യസിക്കുന്ന പൊലീസുകാരുമായി ബന്ധപ്പെട്ടാണ് തൃപ്പൂണിത്തുറ ദേവസ്വം അസി. കമ്മീഷണര്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കത്ത് നല്‍കിയത്. 

വൈറ്റില മൊബിലിറ്റി ഹബ്ബിന് സമീപമുളള ക്ഷേത്രമായതിനാല്‍ തൈപ്പൂയത്തോടനുബന്ധിച്ച് ഗതാഗതകുരുക്ക് രൂക്ഷമാകാന്‍ സാധ്യതയുണ്ട്. ഇതിന് പൊലീസുകാരെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ടാണ് കത്ത് നല്‍കിയത്. ഡ്യൂട്ടിക്ക് ഹിന്ദു പൊലീസുകാരെ നിയോഗിക്കണമെന്ന കത്തിലെ ആവശ്യമാണ് വിവാദമായിരിക്കുന്നത്. ഇതൊടൊപ്പം ക്രമസമാധാനപാലത്തിനും പൊലീസുകാരെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ രണ്ടു കാര്യങ്ങള്‍ക്കും ഹിന്ദു പൊലീസുകാരെ നിയോഗിക്കണമെന്നാണ് കത്തിലൂടെ അസി. കമ്മീഷണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കത്തിന്റെ പകര്‍പ്പ് മരട് സബ് ഇന്‍സ്‌പെക്ടര്‍ക്കും നല്‍കിയിട്ടുണ്ട്.

കത്ത് വിവാദമായതോടെ, സംസ്ഥാന പൊലീസ് അസോസിയേഷന്‍ രംഗത്തുവന്നു. ഇവര്‍ കത്തിനെതിരെ ദേവസ്വം മന്ത്രിക്കും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കി. ഇത് പൊലീസുകാര്‍ക്ക് ഇടയില്‍ ആശങ്കയും ചേരിതിരിവും ഉണ്ടാക്കുന്നതിന്  കാരണമാകുമെന്നാണ് പരാതിയില്‍ പറയുന്നത്.
 ക്ഷേത്രത്തിന്റെ അകത്ത് നടക്കുന്ന കാര്യങ്ങളില്‍ അല്ലാതെ, പുറത്ത് ക്രമസമാധാനം, ഗതാഗത നിയന്ത്രണം എന്നി കാര്യങ്ങളില്‍ ഹിന്ദു പൊലീസുകാരെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുന്നത് പതിവില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com