തല്ലിയ ആളുടെ കാൽ കഴുകി ചുംബിച്ച് വൈദികൻ; എഴുന്നേറ്റു നിന്ന് കയ്യടിച്ച് ഇടവകാം​ഗങ്ങൾ

By സമകാലിക മലയാളം ഡെസ്‌  |   Published: 28th January 2020 08:17 AM  |  

Last Updated: 28th January 2020 08:17 AM  |   A+A-   |  

fr_naveen

 

തൃശൂർ; തന്നെ കയ്യേറ്റം ചെയ്ത ആളുടെ കാൽ കഴുകി ചുംബിച്ച് വൈദികൻ ഫാ. നവീൻ ഊക്കൻ. മാള തുമ്പരശേരി സെന്റ് മേരീസ് പള്ളിയിൽ ഞായറാഴ്ച പൊതുകുർബാനക്കിടെയായിരുന്നു സംഭവം. കയ്യേറ്റം ചെയ്തതിന് മാപ്പു പറയാൻ എത്തിയ ആളുടെ കാലുകളാണ് നവീൻ ഊക്കൻ കഴുകി ചുംബിച്ചത്. ക്ഷമയുടെ സന്ദേശം പകർന്ന വൈദികന്റെ പ്രവർത്തി കയ്യടികളോടെയാണ് ഇടവകാം​ഗങ്ങൾ സ്വീകരിച്ചത്.

ഇടവകയിലെ പ്രായമായവരേയും കൊണ്ട് ഫാ നവീൻ വിനോദയാത്ര പോയതാണ് സംഭവങ്ങൾക്ക് കാരണമാകുന്നത്. തിരിച്ചുവരാൻ വൈകിയെന്നു പറഞ്ഞാണ് ഇടവകയിലൊരാൾ അച്ചനെ കയ്യേറ്റം ചെയ്തത്. തുടർന്ന് ഇയാൾക്കെതിരേ പൊലീസിൽ പരാതി നൽകി. എന്നാൽ പള്ളിയിൽ എത്തി പൊതുകുർബാനയുടെ മധ്യേ മാപ്പ് പറഞ്ഞാൽ കേസ് പിൻവലിക്കാം എന്ന് പള്ളികമ്മിറ്റി വ്യക്തമാക്കിയതോടെയാണ് ഇയാൾ എത്തിയത്.

മാപ്പ് പറയാൻ തയാറായാണ് 26ന് ഇയാൾ എത്തിയത്. വികാരി ഫാ. നവീൻ ഊക്കൻ കുർബാനമധ്യേ അദ്ദേഹത്തെ അൾത്താരയ്ക്കു സമീപത്തേക്കു വിളിച്ചു.  പള്ളിക്കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് ഇദ്ദേഹം വന്നല്ലോ, അത് അഭിനന്ദനീയമാണെന്ന് പറഞ്ഞ് അച്ചൻ ഒരു പാത്രത്തിൽ വെള്ളമെടുത്ത് കയ്യേറ്റം ചെയ്ത ആളുടെ കാൽ കഴുകി, കാലിൽ ചുംബിക്കുകയായിരുന്നു.

ഇദ്ദേഹം മാപ്പു പറയാൻ തയാറായാണു വന്നത്. ഇനി അതു പറയിക്കരുതെന്നാണ് എന്റെ അഭിപ്രായം. അതിനെ അനുകുലിക്കുന്നെങ്കിൽ നിങ്ങൾ എഴുന്നേറ്റുനിന്നു കയ്യടിക്കുക, അല്ലെങ്കിൽ മാപ്പു പറയിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകാം – ഫാ. നവീൻ പറഞ്ഞു. ഇതുകേട്ട് പള്ളിയിലുണ്ടായിരുന്നവർ എഴുന്നേറ്റു നിന്ന് കയ്യടിക്കുകയായിരുന്നു.