മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്ത മുസ്ലീം ലീഗ് നേതാവിന് സസ്‌പെന്‍ഷന്‍

ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റും എംഎസ്എഫ് മുന്‍ സംസ്ഥാന ഭാരവാഹിയുമായിരുന്ന ബഷീര്‍ എല്‍ഡിഎഫിന്റെ പരിപാടിയില്‍ പങ്കെടുത്തത് വിവാദമായതോടെയാണ് നടപടി
മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്ത മുസ്ലീം ലീഗ് നേതാവിന് സസ്‌പെന്‍ഷന്‍

കൊച്ചി; പൗരത്വ നിയമ ഭേദഗതിക്കെതിരേ എല്‍ഡിഎഫ് നടത്തിയ മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്തതിന് മുസ്ലീം ലീഗ് നേതാവ് കെഎം ബഷീറിന് സസ്‌പെന്‍ഷന്‍. ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റും എംഎസ്എഫ് മുന്‍ സംസ്ഥാന ഭാരവാഹിയുമായിരുന്ന ബഷീര്‍ എല്‍ഡിഎഫിന്റെ പരിപാടിയില്‍ പങ്കെടുത്തത് വിവാദമായതോടെയാണ് നടപടി. ബഷീറിനെ കൂടാതെ നിരവധി ലീഗ് പ്രവര്‍ത്തകരും മനുഷ്യമഹാശൃംഖലയില്‍ അണിചേര്‍ന്നിരുന്നു.

ബഷീറിനെ പിന്തുണക്കുന്ന നിലപാടാണ് ആദ്യം മുസ്ലീം ലീഗ് നേതാക്കളില്‍ നിന്നുണ്ടായത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ആര് നിലപാട് സ്വീകരിച്ചാലും സാധാരണ ജനങ്ങള്‍ അതിനോട് സഹകരിക്കും എന്നും അത് ചര്‍ച്ചയാക്കേണ്ട കാര്യമില്ലെന്നുമാണ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. നടപടി ആവശ്യമില്ലെന്ന നിലപാടിലായിരുന്നു എം.കെ മുനീറിനും. എന്നാല്‍ എല്‍ഡിഎഫ് പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെതിരേ നടപടിവേണമെന്നായിരുന്നു കെപിഎ മജീദിന്റെ അഭിപ്രായം.

മനുഷ്യമഹാശൃംഖലയില്‍ അണിചേര്‍ന്നതിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്റെ ധീരനിലപാടുകളെ ബഷീര്‍ പുകഴ്ത്തിയിരുന്നു. ഇത് യുഡിഎഫിനെ ഒന്നടങ്കം സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. അതാണ് സസ്‌പെന്‍ഷനിലേക്ക് നയിച്ചത്. രാജ്യത്ത് കരിനിയമങ്ങള്‍ക്ക് ഇരയാക്കപ്പെടുന്ന ന്യൂനപക്ഷ സമുദായത്തിലെ ഒരു അംഗവും പൗരനെന്ന നിലയിലുമാണ് താന്‍ മനുഷ്യ മഹാശൃംഖലയുടെ ഭാഗമായതെന്ന് കെഎം ബഷീര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയത്.

തനിക്കൊപ്പം മുസ്ലിം ലീഗിലെ നിരവധി പ്രവര്‍ത്തകരും പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപരമായിട്ടുള്ള വിയോജിപ്പ് മാത്രമാണ് ഉള്ളത്. ഈ കരിനിയമത്തിനെതിരെ പ്രതികരിക്കുന്ന ഏത് ജനാധിപത്യമതേതരത്വ സംഘടനകളുമായും സഹകരിക്കണം എന്നാണ് എന്റെ അടിയുറച്ച നിലപാട്. ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാനുള്ള ധീരമായ നിലപാടാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി സ്വീകരിച്ചതെന്നും മാധ്യമങ്ങളോട് ബഷീര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com