കൊറോണ; ഹോമിയോ, യുനാനി മരുന്നുകള്‍ ഉപയോഗിക്കരുത്; ആരോഗ്യമന്ത്രി തൃശൂരിലേക്ക്

കൊറോണ വൈറസ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നവര്‍ ഹോമിയോ, യുനാനി മരുന്നകള്‍ ഉപയോഗിക്കരുത്
കൊറോണ; ഹോമിയോ, യുനാനി മരുന്നുകള്‍ ഉപയോഗിക്കരുത്; ആരോഗ്യമന്ത്രി തൃശൂരിലേക്ക്

തിരുവനന്തപുരം: കൊറോണ വൈറസ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നവര്‍ ഹോമിയോ, യുനാനി മരുന്നകള്‍ ഉപയോഗിക്കരുത് എന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. രോഗം വരാത്തവര്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനായി ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ രോഗബാധിതരും നിരീക്ഷണത്തിലുള്ളവരും കേന്ദ്ര സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ അുസരിച്ചുള്ള ചികിത്സ നിര്‍ബന്ധമായും തേടണമെന്നും മന്ത്രി പറഞ്ഞു. 

വ്യാഴാഴ്ച രാവിലെ നടന്ന വിഡിയോ കോണ്‍ഫറന്‍സില്‍ കേന്ദ്രസര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും ഇതേ നിര്‍ദേശമാണ് നല്‍കിയതെന്ന് ആരോഗ്യ സെക്രട്ടറി രാജന്‍ ഖോബ്രഗഡെയും വ്യക്തമാക്കി. നിപ്പയുടെ കാലത്തും ഇതേ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിരുന്നു. കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തില്‍ പുണെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിനു പുറമേ പത്തോളം പരിശോധനാ ലാബുകള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

ഇതില്‍ ആലപ്പുഴയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടും ഉള്‍പ്പെടുമെന്നു കേന്ദ്രം അറിയിച്ചിട്ടുണ്ട്. നാല് ദിവസത്തിനുള്ളില്‍ ആലപ്പുഴയില്‍ ക്രമീകരണങ്ങള്‍ ഒരുക്കും. സംസ്ഥാനത്തിന് ഇഷ്ടമുള്ള സ്ഥലങ്ങളില്‍ പരിശോധനാ കേന്ദ്രങ്ങള്‍ തുറക്കാനാകില്ലെന്നും കേന്ദ്രം വിദഗ്ധ സംഘത്തെ അയച്ചാലേ പരിശോധന ആരംഭിക്കാന്‍ കഴിയൂ എന്നും മന്ത്രി പറഞ്ഞു.

ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിനിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രി ഇന്ന് രാത്രി തൃശൂരിലെത്തും. 

ചൈനയിലെ വുഹാന്‍ സര്‍വകലാശാലയില്‍നിന്നു തിരിച്ചെത്തിയ വിദ്യാര്‍ഥിനിയെ ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ തന്നെ പ്രത്യേക വാര്‍ഡിലേക്കു മാറ്റി. വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണ്.  വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള രണ്ടാമത്തെ പരിശോധന ഫലം ഉടന്‍ ലഭിക്കും. ഇതില്‍ വൈറസ് പോസിറ്റീവാണെങ്കില്‍ വിദ്യാര്‍ത്ഥിനിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റും. മെഡിക്കല്‍ കോളജില്‍ സജ്ജീകരണങ്ങളൊരുക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com