ഹെല്‍മറ്റില്ലാതെ, മൊബൈലില്‍ സംസാരിച്ച് കോളജ് വിദ്യാര്‍ത്ഥിനി ; സ്‌കൂട്ടറുമായി ചെന്നുപെട്ടത് വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ മുന്നില്‍ ; ലൈസന്‍സ് തെറിച്ചു, പിഴ

വിദ്യാര്‍ഥിനിയുടെ ഡ്രൈവിങ് ലൈസന്‍സ് മൂന്നു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കൊച്ചി :  സ്‌കൂട്ടര്‍ ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച കോളജ് വിദ്യാര്‍ത്ഥിനിക്കെതിരെ നടപടി. ഹെല്‍മെറ്റ് ധരിക്കാതിരിക്കുകയും, മൊബൈലില്‍ സംസാരിച്ച് വാഹനം ഓടിക്കുകയും ചെയ്ത വിദ്യാര്‍ത്ഥിനിയാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ മുന്നില്‍പ്പെട്ടത്. കോളജ് വിദ്യാര്‍ഥിനിയുടെ ഡ്രൈവിങ് ലൈസന്‍സ് മൂന്നു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. 2,500 രൂപ പിഴയും വിധിച്ചു.

കാക്കനാട് പടമുകള്‍ പാലച്ചുവട് സ്വദേശിനിയായ വിദ്യാര്‍ഥിനിക്കെതിരെയാണ് നിയമലംഘനത്തിന് നടപടി സ്വീകരിച്ചത്. ഒരു ദിവസം ഗതാഗത നിയമ പരിശീലന ക്ലാസില്‍ പങ്കെടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഒരു കൈ സ്‌കൂട്ടറിന്റെ ഹാന്‍ഡിലിലും മറു കയ്യില്‍ മൊബൈല്‍ ഫോണുമായി പടമുകള്‍-പാലച്ചുവട് റോഡിലൂടെയായിരുന്നു പെണ്‍കുട്ടിയുടെ സഞ്ചാരം.

മൊബൈല്‍ ഫോണ്‍ ഡയല്‍ ചെയ്തു കൊണ്ടായിരുന്നു സ്‌കൂട്ടര്‍ ഓടിച്ചത്. ഹെല്‍മറ്റും ഇല്ലായിരുന്നു. സ്‌കൂട്ടര്‍ ജംഗ്ഷനില്‍ വച്ച ശേഷം കോളജ് ബസിലാണ് പോകുന്നതെന്ന് വിദ്യാര്‍ഥിനി പറഞ്ഞതിനെ തുടര്‍ന്ന് ക്ലാസ് നഷ്ടപ്പെടാതിരിക്കാന്‍ അപ്പോള്‍ തന്നെ കുറ്റപത്രം നല്‍കി വിദ്യാര്‍ഥിനിയെ വിട്ടയച്ചു. പിറ്റേന്ന് ആര്‍ടി ഓഫിസില്‍ ഹാജരാകാന്‍ വൈകിയതോടെ ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥിനിയുടെ വീട്ടിലെ വിലാസത്തില്‍ ഷോക്കോസ് നോട്ടിസും അയച്ചു.

ആര്‍ടിഒ മുമ്പാകെ ഹാജരായ വിദ്യാര്‍ഥിനി ബന്ധുവിന്റെ മരണം അറിയിക്കാനാണ് അടിയന്തരമായി ഫോണ്‍ ചെയ്തതെന്നാണ് ആദ്യം പറഞ്ഞത്. എന്നാല്‍ അന്വേഷണത്തില്‍ കൂട്ടുകാരിയെയാണ് വിളിച്ചതെന്ന് തെളിഞ്ഞു. സ്‌കൂട്ടര്‍ ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചതിനാണ് ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഷനും 2,000 രൂപ പിഴയും. വിധിച്ചത് ഹെല്‍മറ്റ് ധരിക്കാത്തതിന്റ പിഴയാണ് 500 രൂപ. 3 മാസത്തിനുള്ളില്‍ ഒരു ദിവസം ഗതാഗത നിയമ പരിശീലന ക്ലാസില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com