കുത്തിക്കൊന്നിട്ടും കൊടുങ്കാറ്റുപോലെ ആ മുദ്രാവാക്യം; 'വര്‍ഗീയത തുലയട്ടെ'; അഭിമന്യുവിന്റെ ഓര്‍മ്മയ്ക്ക് രണ്ടുവര്‍ഷം

എസ്എഫ്‌ഐ പ്രവര്‍ത്തകനും എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥിയുമായിരുന്ന എം അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് രണ്ടുവര്‍ഷം
കുത്തിക്കൊന്നിട്ടും കൊടുങ്കാറ്റുപോലെ ആ മുദ്രാവാക്യം; 'വര്‍ഗീയത തുലയട്ടെ'; അഭിമന്യുവിന്റെ ഓര്‍മ്മയ്ക്ക് രണ്ടുവര്‍ഷം

കൊച്ചി: എസ്എഫ്‌ഐ പ്രവര്‍ത്തകനും എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥിയുമായിരുന്ന എം അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് രണ്ടുവര്‍ഷം. 2018 ജൂലൈ രണ്ടിന് പുലര്‍ച്ചെ 12.45നാണ് എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥികളായ അര്‍ജുനും വിനീതിനും കുത്തേറ്റു. കുത്തേല്‍ക്കുന്നതിന് മുന്‍പ് അഭിമന്യു ചുവരില്‍ കോറിയിട്ട 'വര്‍ഗീയത തുലയട്ടെ' എന്ന മുദ്രാവാക്യം കൊടുങ്കാറ്റുപോലെയാണ് കേരളത്തിലെ ക്യാമ്പസുകളില്‍ പടര്‍ന്നത്.

രണ്ടാം വര്‍ഷ ബിഎസ്‌സി(കെമിസ്ട്രി) വിദ്യാര്‍ഥിയായ അഭിമന്യു(19) എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായിരുന്നു. ക്യമ്പസ് ഫ്രണ്ടിന്റെ ചുവരെഴുത്തിനുമുകളില്‍ എസ്എഫ്‌ഐ 'വര്‍ഗീയത തുലയട്ടെ' എന്ന് എഴുതി ചേര്‍ത്തതാണ് അവരെ പ്രകോപിപ്പിച്ചത്. സിഎഫ്‌ഐക്കാര്‍ പുറത്ത് നിന്ന് എസ്ഡിപിഐക്കാരെക്കൂട്ടി  മടങ്ങിയെത്തി എസ്എഫ്‌ഐ സംഘത്തെ ആക്രമിക്കുകയായിരുന്നുവെന്നാണ് കേസ്. അഭിമന്യുവിനെ അടുത്തുള്ള ജനറല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.

കേസില്‍ പതിനാറ് പ്രതികളാണുള്ളത്. പ്രധാന പ്രതി സഹല്‍ ഹംസയാണ് അവസാനം കീഴടങ്ങിയത്. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു. കേസിന്റെ വിചാരണ സെപ്റ്റംബറില്‍ ആരംഭിക്കും.

വട്ടവടയിലെ നിര്‍ധന കുടുംബാംഗമായ അഭിമന്യു കൊല്ലപ്പെട്ട ദിവസം രാത്രിയോടെയാണ് നാട്ടില്‍ നിന്ന് പച്ചക്കറി കയറ്റിവന്ന ചരക്ക് ലോറിയില്‍ കയറി കൊച്ചിയിലെത്തിയത്.  പിറ്റേന്ന് ക്യാമ്പസില്‍ കൊണ്ടുവന്ന അഭിമന്യുവിന്റെ മൃതദേഹത്തിനു മുന്നില്‍ 'നാന്‍ പെറ്റ മകനെ...' എന്ന അമ്മ ഭൂപതിയുടെ നിലവിളി കേരള മന:സാക്ഷിയുടെ മുഴുവന്‍ തേങ്ങലായി.

അഭിമന്യു അനുസ്മരണവും' അഭിമന്യു' എന്ന സംഗീത ശില്‍പത്തിന്റെ പ്രകാശനവും ഇന്ന് നടക്കും. മഹാരാജാസ് കോളജ് ഹിന്ദി വിഭാഗം അധ്യാപിക ഡോ. റീന സാം എഴുതി അനന്തരാമനും സെബാസ്റ്റ്യന്‍ വര്‍ഗീസും ചേര്‍ന്നു സംഗീതം നല്‍കി ആലപിച്ച സംഗീത ശില്‍പത്തിന്റെ പ്രകാശനം ഗാനരചയിതാവ് ഡോ. മധു വാസുദേവന്‍ നിര്‍വഹിക്കും.

അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാന്‍ സിപിഎം നേതൃത്വത്തില്‍ ജന്മസ്ഥലമായ ഇടുക്കി വട്ടവടയില്‍ വീട് നിര്‍മ്മിച്ചു നല്‍കിയിരുന്നു. അഭിമന്യുവിന്റെ സഹോദരുയുടെ വിവാഹവും സിപിഎം നടത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com