'മനുഷ്യ പരീക്ഷണത്തിന് കമ്പനിപോലും ആവശ്യപ്പെട്ടത് ആറുമാസത്തെ സമയം; ഒരുമാസം കൊണ്ട് ട്രയല്‍ നടത്തുന്നത് അധാര്‍മികം'

ആഗസ്റ്റ് 15ന് ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ പുറത്തിറക്കുമെന്ന് ഐസിഎംആര്‍ പറഞ്ഞിരുന്നു. ഇതില്‍ സംശയങ്ങളുന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്.
'മനുഷ്യ പരീക്ഷണത്തിന് കമ്പനിപോലും ആവശ്യപ്പെട്ടത് ആറുമാസത്തെ സമയം; ഒരുമാസം കൊണ്ട് ട്രയല്‍ നടത്തുന്നത് അധാര്‍മികം'

ആഗസ്റ്റ് 15ന് ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ പുറത്തിറക്കുമെന്ന് ഐസിഎംആര്‍ പറഞ്ഞിരുന്നു. ഇതില്‍ സംശയങ്ങളുന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. ഈ ഇടപാടിനെക്കുറിച്ച് എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്താന്‍ ഐസിഎംആര്‍ തയ്യാറാകണമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

' വാക്‌സിന്‍ ഉണ്ടാക്കിയ കമ്പനിപോലും 5-6 മാസത്തെ സമയമെടുത്ത് ക്ലിനിക്കല്‍ ടെസ്റ്റ് നടത്താനാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. അമേരിക്കയിലുമെല്ലാം ഇതുപോലെ വാക്‌സിനുകള്‍ ടെസ്റ്റിനു തയ്യാറാക്കിയിട്ടുണ്ട്. ഈ വര്‍ഷാവസാനമോ അടുത്ത വര്‍ഷമോ മാത്രമേ എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കി ഇവ കമ്പോളത്തില്‍ ഇറക്കാന്‍ കഴിയൂവെന്നാണ് അവിടുത്തെ ശാസ്ത്രജ്ഞന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. അപ്പോഴാണ് ഇന്ത്യയില്‍ എല്ലാ ട്രയലുകളും ഒരു മാസംകൊണ്ട് തീര്‍ക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

ട്രയല്‍ നടത്തുന്ന ആശുപത്രികളിലെ നൈതിക കമ്മിറ്റികള്‍ വേണം ഗവേഷണ മാനദണ്ഡങ്ങളും പെരുമാറ്റച്ചട്ടങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത്. അതൊന്നും വേണ്ട. എല്ലാ കീഴ്‌വഴക്കങ്ങളും ലംഘിച്ച് ട്രയല്‍ നടത്താന്‍ ഐസിഎംആര്‍ തന്നെ നിര്‍ബന്ധിക്കുകയാണ്. ഈ ഇടപാടിനെക്കുറിച്ച് എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്താന്‍ ഐസിഎംആര്‍ തയ്യാറാകണം.' അദ്ദേഹം കുറിപ്പില്‍ പറഞ്ഞു.

തോമസ് ഐസക്കിന്റെ കുറിപ്പ്:

ആഗസ്റ്റ് 15 ന് ഇന്ത്യയുടെ കൊവിഡ് വാക്‌സിന്‍ പുറത്തിറങ്ങുമോ?

മൂന്നു ദിവസമായി ഷെയര്‍ മാര്‍ക്കറ്റുകള്‍ ഇത് ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. ഓഹരിവില ഉയരുകയാണ്. ഇന്നലെ കാലത്ത് ഐസിഎംആറിന്റെ തലവന്‍ ഭാര്‍ഗ്ഗവയുടെ കത്ത് സോഷ്യല്‍ മീഡിയയില്‍ കണ്ടപ്പോഴാണ് കാര്യങ്ങള്‍ മനസ്സിലായത്. ഹൈദരബാദിലെ ഭാരത് ബയോടെക്‌നോളജി എന്ന കമ്പനി വാക്‌സിന്‍ തയ്യാറാക്കിയിട്ടുണ്ടത്രെ. അത് മനുഷ്യരില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ട്രയല്‍ നടത്തുന്നതിന് 12 ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുകയാണ്. തയ്യാറെടുപ്പുകള്‍ക്ക് ആകെ അഞ്ചു ദിവസമാണ് സമയം നല്‍കിയിരിക്കുന്നത്. അതിനുള്ളില്‍ എല്ലാം തയ്യാറായില്ലെങ്കില്‍ ഗൗരവമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് ഭീഷണിയുമുണ്ട്. കാരണം 'ഏറ്റവും ഉന്നതതലത്തില്‍' വാക്‌സിന്‍ നടപടികള്‍ വീക്ഷിച്ചുകൊണ്ടിരിക്കുകയാണത്രെ.

ഇന്നലെ കാലത്തു തന്നെ ഡോക്ടര്‍ കെപി അരവിന്ദന്റെ ഒരു പോസ്റ്റും കണ്ടിരുന്നു. ഐസിഎംആറിന്റെ ഈ കത്ത് വ്യാജമാകട്ടെ. ഇതുപോലൊരു മഠയത്തരവും അധാര്‍മ്മികവുമായ ഒരു കത്ത് ഡയറക്ടര്‍ എഴുതുമെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. അത് ഈ സ്ഥാപനത്തെ അന്തര്‍ദേശീയമായി പരിഹാസ്യമാക്കും.

ഇന്നു കാലത്ത് ഇംഗ്ലീഷ് പത്രങ്ങളെല്ലാം വായിച്ചപ്പോള്‍ കത്ത് വ്യാജമല്ലെന്നു മനസ്സിലായി. മൂന്നു ഘട്ടങ്ങളിലായി നടക്കേണ്ട മനുഷ്യപരീക്ഷണം ഒരു മാസം കൊണ്ട് തീര്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. വാക്‌സിന്‍ ഉണ്ടാക്കിയ കമ്പനിപോലും 5-6 മാസത്തെ സമയമെടുത്ത് ക്ലിനിക്കല്‍ ടെസ്റ്റ് നടത്താനാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. അമേരിക്കയിലുമെല്ലാം ഇതുപോലെ വാക്‌സിനുകള്‍ ടെസ്റ്റിനു തയ്യാറാക്കിയിട്ടുണ്ട്. ഈ വര്‍ഷാവസാനമോ അടുത്ത വര്‍ഷമോ മാത്രമേ എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കി ഇവ കമ്പോളത്തില്‍ ഇറക്കാന്‍ കഴിയൂവെന്നാണ് അവിടുത്തെ ശാസ്ത്രജ്ഞന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. അപ്പോഴാണ് ഇന്ത്യയില്‍ എല്ലാ ട്രയലുകളും ഒരു മാസംകൊണ്ട് തീര്‍ക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

ഡോ. അരവിന്ദന്‍ ഈ നീക്കത്തെ അധാര്‍മ്മികമെന്നു വിശേഷിപ്പിച്ചതിനു കാരണമുണ്ട്. ട്രയല്‍ നടത്തുന്ന ആശുപത്രികളിലെ നൈതിക കമ്മിറ്റികള്‍ വേണം ഗവേഷണ മാനദണ്ഡങ്ങളും പെരുമാറ്റച്ചട്ടങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത്. അതൊന്നും വേണ്ട. എല്ലാ കീഴ് വഴക്കങ്ങളും ലംഘിച്ച് ട്രയല്‍ നടത്താന്‍ ഐസിഎംആര്‍ തന്നെ നിര്‍ബന്ധിക്കുകയാണ്. ഈ ഇടപാടിനെക്കുറിച്ച് എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്താന്‍ ഐസിഎംആര്‍ തയ്യാറാകണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com