ബെല്ലി ഡാൻസർമാർക്ക് ദിവസം അഞ്ച് ലക്ഷം, 250 ലീറ്റർ മദ്യം എത്തിച്ചു; തൃശൂരിലും പരിപാടി നടത്താൻ കരാർ

കോവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിച്ച് നിശാപാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ചതിന് വ്യവസായിക്കെതിരെ പൊലീസ് കേസെടുത്തു
ബെല്ലി ഡാൻസർമാർക്ക് ദിവസം അഞ്ച് ലക്ഷം, 250 ലീറ്റർ മദ്യം എത്തിച്ചു; തൃശൂരിലും പരിപാടി നടത്താൻ കരാർ

ഇടുക്കി; ഇടുക്കി രാജാപ്പാറയിൽ ബെല്ലി ഡാൻസ് നടത്താൻ യുവതികളെ കൊണ്ടുവന്നത് ലക്ഷങ്ങൾ മുടക്കി. ദിവസം അഞ്ചുലക്ഷം രൂപ വീതം നൽകി ഹൈ​ദരാബാദിൽ നിന്നാണ് യുവതികളെ എത്തിച്ചതെന്നാണ് വിവരം. കൂടാതെ പാർട്ടിയിൽ 250 ലീറ്ററോളം മദ്യവും എത്തിച്ചിരുന്നു. കോവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിച്ച് നിശാപാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ചതിന് വ്യവസായിക്കെതിരെ പൊലീസ് കേസെടുത്തു. രാഷ്ട്രീയ നേതാക്കന്മാരുടെയും പൊലീസിന്റേയും മൗനാനുവാദത്തോടെയായിരുന്നു പാർട്ടി

ബെല്ലി ഡാൻസർമാരായ മുംബൈ സ്വദേശികളായ നർത്തകിമാരെ ഹൈദരാബാദിൽ നിന്നുമാണ്ബുക്ക് ചെയ്തത്. ഒരു ദിവസം അഞ്ചുലക്ഷം രൂപ കരാറിൽ നാലുദിവസത്തേയ്ക്കാണ് ഇവരെ എത്തിച്ചതെന്നാണു വിവരം. കൊച്ചിയിലെത്തിയ നർത്തകിമാരെ പ്രത്യേക വാഹനത്തിൽ ശനിയാഴ്ച സ്ഥലത്തെത്തിച്ചു. പരിപാടിക്കു ശേഷം ഇവർ കേരളം വിട്ടിട്ടില്ലെന്നാണു വിവരം. തൃശൂരിലും സമാന രീതിയിൽ പരിപാടി നടത്തുവാൻ കരാർ ഉണ്ടാക്കിയതായും വിവരമുണ്ട്. ഇതിനെക്കുറിച്ചും പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണമാരംഭിച്ചു.

കഴിഞ്ഞ ഞായറാഴ്ച വ്യാപാര കേന്ദ്രത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് സ്വകാര്യ റിസോർട്ടിലാണ് രാത്രി ആഘോഷം നടന്നത്. നിശാപാർട്ടിയും ബെല്ലി ഡാൻസും  രാത്രി 8 മുതൽ ആറ് മണിക്കൂർ നീണ്ടു. കോവിഡ് മാർഗനിർദേശങ്ങളെല്ലാം കാറ്റിൽപ്പറത്തി ഇരുന്നൂറോളം ആളുകൾ പങ്കെടുത്തു. രാഷ്ട്രീയക്കാരും പൊലീസുകാരുമെല്ലാം പരിപാടിക്കെത്തി.

നിശാപാർട്ടിയിൽ പങ്കെടുത്തവർ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സാമൂഹികമാധ്യങ്ങളിൽ പ്രചരിച്ചതോടെയാണ് ശാന്തൻപാറ പൊലീസ് സംഘാടകനായ വ്യാപാരിക്കെതിരെ കേസെടുത്തത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു ബാക്കിയുള്ളവർക്കെതിരെയും  കേസെടുക്കാനാണു തീരുമാനം. അതേസമയം സംഭവം വിവാദമായതോടെയാണ് പൊലീസ് കേസെടുത്തതെന്നും ആരോപണമുണ്ട്. പരിപാടി നടന്ന അന്ന് തന്നെ പൊലീസുകാർ റിസോർട്ടിൽ എത്തിയിരുന്നതായും എന്നാൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ മൂലം കേസെടുക്കാതെ മടങ്ങുകയായിരുന്നുവെന്നാണ് ആരോപണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com