കുവൈത്തില്‍ പ്രവാസികള്‍ക്ക് ക്വാട്ട നിശ്ചയിക്കുന്നു, എട്ടു ലക്ഷം ഇന്ത്യക്കാര്‍ക്ക് ജോലി നഷ്ടപ്പെടും; കേരളത്തില്‍ ആശങ്ക

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുവൈത്ത് നടപ്പാക്കാന്‍ പോകുന്ന പ്രവാസി നിയമം ഇന്ത്യക്ക് തിരിച്ചടിയാകും
കുവൈത്തില്‍ പ്രവാസികള്‍ക്ക് ക്വാട്ട നിശ്ചയിക്കുന്നു, എട്ടു ലക്ഷം ഇന്ത്യക്കാര്‍ക്ക് ജോലി നഷ്ടപ്പെടും; കേരളത്തില്‍ ആശങ്ക

കുവൈത്ത് സിറ്റി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുവൈത്ത് നടപ്പാക്കാന്‍ പോകുന്ന പ്രവാസി നിയമം ഇന്ത്യക്ക് തിരിച്ചടിയാകും. രാജ്യത്തെ പ്രവാസികളുടെ ജനസംഖ്യയ്ക്ക് ക്വാട്ട നിശ്ചയിക്കുന്ന പുതിയ കരട് ബില്ല് യാഥാര്‍ത്ഥ്യമായാല്‍ എട്ടുലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. കുവൈത്തില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരില്‍ നല്ലൊരു ഭാഗം കേരളത്തില്‍ നിന്നുളളവരാണ്. അതിനാല്‍ ഇത് കേരള സമ്പദ് വ്യവസ്ഥയ്ക്കും കനത്ത തിരിച്ചടിയാകും.

രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ 15 ശതമാനത്തിന് താഴെയായിരിക്കണം ഇന്ത്യക്കാരായ പ്രവാസികള്‍ എന്ന് പുതിയ കരട് ബില്ലില്‍ പറയുന്നു. ഇത് നിയമം ആയാല്‍ എട്ടു ലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുവൈത്ത് നാഷണല്‍ അസംബ്ലിയിലെ നിയമനിര്‍മ്മാണ സമിതി കരട് ബില്ലിന് അംഗീകാരം നല്‍കി.

പ്രവാസികള്‍ക്ക് ക്വാട്ട നിശ്ചയിച്ച നടപടി ഭരണഘടനാപരമാണെന്നാണ് നിയമനിര്‍മ്മാണ സമിതിയുടെ വിലയിരുത്തല്‍. കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. 14.5 ലക്ഷം ഇന്ത്യക്കാരാണ് കുവൈത്തില്‍ ജോലി ചെയ്യുന്നത്. 43 ലക്ഷം വരുന്ന കുവൈത്ത് ജനസംഖ്യയില്‍ 30 ലക്ഷവും പ്രവാസികളാണ്.

ഈജിപ്തില്‍ നിന്നുളള പ്രവാസികളുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ബില്‍ എന്നാണ് കുവൈത്ത് അധികൃതര്‍ പറയുന്നത്. ഇന്ത്യക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം പേര്‍ ഈജിപ്തില്‍ നിന്നുളളവരാണ്. 

ഇന്ത്യയിലേക്കുളള പണമൊഴുക്കിന്റെ നല്ലൊരു ശതമാനം കുവൈത്തില്‍ നിന്നാണ്. 2018ല്‍ ഇന്ത്യ കുവൈത്തില്‍ നിന്ന് സ്വീകരിച്ചത് 480 കോടി ഡോളറാണ്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കുവൈത്തില്‍ പ്രവാസി വിരുദ്ധ പ്രതിഷേധങ്ങള്‍ ശക്തമാണ്. ഇതിന് പുറമേ അസംസ്‌കൃത എണ്ണ വിലയില്‍ ഉണ്ടായ ഇടിവ് സൃഷ്ടിച്ച സാമ്പത്തിക ആഘാതവുമാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com