സ്വര്‍ണക്കടത്ത് കേസ് സിബിഐക്ക് ഏറ്റെടുക്കാനാവില്ല, അന്വേഷണ അധികാരം കസ്റ്റംസിന്

കസ്റ്റംസ് ആക്ട് അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും ഈ കേസ് അന്വഷിക്കാന്‍ സിബിഐക്ക് അധികാരമില്ലെന്നും ഉദ്യോഗസ്ഥര്‍
സ്വര്‍ണക്കടത്ത് കേസ് സിബിഐക്ക് ഏറ്റെടുക്കാനാവില്ല, അന്വേഷണ അധികാരം കസ്റ്റംസിന്

കൊച്ചി: സ്വര്‍ണ കള്ളക്കടത്തു കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം രാഷ്ട്രീയ നേതാക്കളില്‍നിന്നുള്‍പ്പെടെ ഉയരുന്നുണ്ടെങ്കിലും അതിനു സാധ്യത വിരളമാണെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സി വൃത്തങ്ങള്‍ പറയുന്നത്. കസ്റ്റംസ് ആക്ട് അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും ഈ കേസ് അന്വഷിക്കാന്‍ സിബിഐക്ക് അധികാരമില്ലെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

കസ്റ്റംസ് കേസുകള്‍ കസ്റ്റംസും  റവന്യൂ ഇന്റലിജന്‍സുമാണ് അന്വേഷിക്കുക. കസ്റ്റംസ് ആക്ട് അനുസരിച്ചു രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഏറ്റെടുക്കാന്‍ സിബിഐക്ക് നിയമപരമായ പരിമിതിയുണ്ടെന്ന് അവര്‍ പറയുന്നു.

ഇന്നലെ സിബിഐ ഉദ്യോഗസ്ഥര്‍ കസ്റ്റംസ് ഓഫിസ് സന്ദര്‍ശിച്ചത് ഈ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത് ശരിയല്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മറ്റൊരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിനാണ് സിബിഐ ഉദ്യോഗസ്ഥര്‍ മറൈന്‍ ഡ്രൈവിലെ കസ്റ്റംസ് ഓഫിസില്‍ എത്തിയതെന്ന് അവര്‍ പറഞ്ഞു.

സ്വര്‍ണ കടത്തു കേസില്‍ സംശയിക്കപ്പെടുന്ന സ്വപ്ന സുരേഷിന്റെ ഇടപാടുകളെക്കുറിച്ച് കേരള സര്‍ക്കാര്‍ ശുപാര്‍ശ ചെയ്താല്‍ സിബിഐയ്ക്ക് അന്വേഷിക്കാനാവും. അല്ലാത്തപക്ഷം സുപ്രീം കോടതിയുടെയോ ഹൈക്കോടതിയുടെയോ നിര്‍ദേശം വേണം. കേരള മുഖ്യമന്ത്രിയുടെ ഓഫിസ് സംസ്ഥാന വിജിലന്‍സിന്റെ പരിധിയിലാണ് വരുന്നത്. അതുകൊണ്ട് പ്രത്യേക ഉത്തരവില്ലാതെ കേസ് സിബിഐക്ക് ഏറ്റെടുക്കാനാവില്ല.

സ്വര്‍ണക്കടത്തു കേസിന് ദേശവിരുദ്ധ ശക്തികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയാല്‍ എന്‍ഐഎയ്ക്ക് കേസ് ഏറ്റെടുക്കാനാവും. കള്ളപ്പണ ഇടപാട്, മനുഷ്യക്കടത്ത് തുടങ്ങിയ കേസുകള്‍ ഉള്‍പ്പെടെ അന്വേഷിക്കാന്‍ എന്‍ഐഎയെ അധികാരപ്പെടുത്തിക്കൊണ്ടാണ് എന്‍ഐഎ ആക്ട് ഭേദഗതി ചെയ്തിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com