സ്വര്‍ണക്കടത്തിന് പിന്നില്‍ ഐഎസ് ബന്ധമുള്ളവരും ? ; യുഎപിഎ ചുമത്തും ; രണ്ട് ഐപിഎസ്സുകാരും നിരീക്ഷണത്തില്‍

സ്വര്‍ണക്കടത്തിന് പിന്നില്‍ ഐഎസ് ബന്ധമുള്ളവരും ? ; യുഎപിഎ ചുമത്തും ; രണ്ട് ഐപിഎസ്സുകാരും നിരീക്ഷണത്തില്‍

അന്താരാഷ്ട്ര ബന്ധങ്ങളുള്ള സംഘടിത റാക്കറ്റുകളാണ് സ്വര്‍ണക്കടത്തിന് പിന്നിലുള്ളതെന്നാണ് പ്രാഥമിക നിഗമനം

കൊച്ചി: തിരുവനന്തപുരത്തെ ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി സ്വര്‍ണം കടത്തിയ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി സമഗ്ര അന്വേഷണത്തിനൊരുങ്ങുന്നു. കേസില്‍ യുഎപിഎ ചുമത്തി എന്‍ഐഎ കേസെടുക്കും. അന്താരാഷ്ട്ര ബന്ധങ്ങളുള്ള സംഘടിത റാക്കറ്റുകളാണ് സ്വര്‍ണക്കടത്തിന് പിന്നിലുള്ളതെന്നാണ് പ്രാഥമിക നിഗമനം. കള്ളക്കടത്തുമായി ഐഎസ് ബന്ധമുള്ളവര്‍ക്കും പങ്കുള്ളതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചാണ് എന്‍ഐ കേസ് ഏറ്റെടുത്തത്.

യുഎപിഎയിലെ 15,16,17,18 വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുക. ഭീകരപ്രവര്‍ത്തനവും ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട വകുപ്പുകളാണിവ. രാജ്യത്തിന്റെ ദേശീയ, സാമ്പത്തിക സുരക്ഷയുമായി ബന്ധപ്പെട്ട കേസാണിതെന്ന് എന്‍ഐഎ വ്യക്തമാക്കുന്നു. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ രഹസ്യവിവരങ്ങള്‍ ചോര്‍ന്നോ എന്നും അന്വേഷിക്കുന്നുണ്ട്. സ്വപ്‌നയ്ക്ക് അടുത്ത ബന്ധമുള്ള രണ്ട് ഐപിഎസ്സുകാരിലേക്കും അന്വേഷണം നീളും. ഇവരുടെ സ്വാധീനമാണോ കേരള പൊലീസിന്റെ നിസഹകരണത്തിന് പിന്നിലെന്നും അന്വേഷിക്കുന്നുണ്ട്.

സ്വര്‍ണത്തിന്റെ ഉറവിടം, സ്വര്‍ണക്കടത്തിന്റെ ലക്ഷ്യം, കടത്തിനുള്ള മാര്‍ഗങ്ങള്‍, പതിവായി സ്വര്‍ണക്കടത്ത് നടക്കുന്നുണ്ടോ ,കടത്തുന്ന സ്വര്‍ണം പണമാക്കി മാറ്റുന്നുണ്ടോ, ഈ പണം സാമ്പത്തിക ഇടപാടിനപ്പുറം ഏതെല്ലാം മേഖലയിലേക്ക് വഴിമാറുന്നു, സംസ്ഥാനത്തിനുപുറമേ ദേശീയ അന്തര്‍ദേശീയതലത്തില്‍ ആര്‍ക്കൊക്കെ കടത്തില്‍ പങ്കുണ്ട്, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം ഉപയോഗിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ എന്‍ഐഎ അന്വേഷിക്കുന്നുണ്ട്.

ഒളിവില്‍ പോയ പ്രധാന പ്രതി സ്വപ്ന സുരേഷ് അടക്കമുള്ള സംഘത്തെ പിടികൂടാനും എന്‍ഐഎ കസ്റ്റംസിന് സഹായം നല്‍കും. ദേശസുരക്ഷയ്ക്ക് സംഘടിത കള്ളക്കടത്ത് ഗുരുതരപ്രത്യാഘാതം ഉണ്ടാക്കിയേക്കാമെന്ന് വിലയിരുത്തിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം എന്‍ഐഎയെ ഏല്‍പിച്ചത്. സ്വര്‍ണക്കടത്തിനുപിന്നില്‍ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കപ്പുറം മറ്റ് ഉദ്ദേശ്യങ്ങളുണ്ടാകാമെന്ന സൂചന കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് തുടക്കം മുതല്‍ ലഭിച്ചിരുന്നു എന്നാണ് സൂചന. കസ്റ്റംസ് ഇതുവരെ അന്വേഷിച്ച കേസ് അതേപടി തുടരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com