കീഴ്മാട് ഒരു ചടങ്ങിൽ പങ്കെടുത്ത 12 പേർക്ക് കോവിഡ് ബാധിച്ചതായി സൂചന; ആലുവ ന​ഗരം സമ്പൂർണ ലോക്ക്ഡൗണിൽ

ആലുവ മാർക്കറ്റിൽ മാത്രം 27 പേർക്കാണ് സമ്പർക്കത്തിലൂടെ രോ​ഗം ബാധിച്ചിട്ടുള്ളത്
കീഴ്മാട് ഒരു ചടങ്ങിൽ പങ്കെടുത്ത 12 പേർക്ക് കോവിഡ് ബാധിച്ചതായി സൂചന; ആലുവ ന​ഗരം സമ്പൂർണ ലോക്ക്ഡൗണിൽ

കൊച്ചി; സമ്പർക്കത്തിലൂടെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ ആലുവ ന​ഗരത്തിൽ സമ്പൂർണ ലോക്ക്ഡൗൺ. കൂടാതെ കീഴ്മാട് പഞ്ചായത്തും മുഴുവനായി കണ്ടെയ്ൻമെന്റ് സോണാക്കി. എറണാകുളത്ത് ഇന്നലെ രോ​ഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാ​ഗവും ആലുവ മേഖലയുമായി ബന്ധപ്പെട്ടവരാണ്. അതിനാലാണ് ആലുവ ന​ഗരസഭ പൂർണമായും കണ്ടെയ്ൻമെന്റ് സോണാക്കിയത്.

ആലുവ മാർക്കറ്റിൽ മാത്രം 27 പേർക്കാണ് സമ്പർക്കത്തിലൂടെ രോ​ഗം ബാധിച്ചിട്ടുള്ളത്. കീഴ്മാട് പഞ്ചായത്തിൽ ഒരു ചടങ്ങിൽ പങ്കെടുത്ത 12 പേർക്കും കോവിഡ് പോസിറ്റീവായതായി വിവരമുണ്ട്. അത് ഇന്നലത്തെ ഔദ്യോ​ഗിക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. തുടർന്നാണ് കീഴ്മാട് പൂർണമായി അടച്ചത്.

ജില്ലയുടെ പല ഭാ​ഗങ്ങളിലേക്കും ബസുകൾ പുറപ്പെടുന്ന കേന്ദ്രമാണ് ആലുവ. ഇന്നലെ തൃശൂരിലും തൃപ്പൂണിത്തുറയിലും കോവിഡ് സ്ഥിരീകരിച്ചവർക്ക് ആലുവയിൽ നിന്നാണ് വൈറസ് ബാധയെന്നാണ് കരുതുന്നത്. അതുകൊണ്ട് ആലുവ മേഖലയിൽ കടുത്ത ജാ​ഗ്രത പുലർത്താൻ ആരോ​ഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com