'ബാങ്ക് മാനേജര്‍';എട്ടുവര്‍ഷം പൊലീസിനെ വെട്ടിച്ച് നടന്നു; വന്‍ വാഹനത്തട്ടിപ്പ് കേസ് പ്രതി ഒടുവില്‍ പിടിയില്‍

2012ല്‍ ആറ്റിങ്ങല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത വന്‍ വാഹന തട്ടിപ്പ് കേസ്സിലെ ഒന്നാം പ്രതി അനില്‍ അലോഷ്യസാണ് (42) പിടിയിലായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: എട്ടുവര്‍ഷം പൊലീസിനെ വെട്ടിച്ച് നടന്ന വാഹനതട്ടിപ്പ് കേസ് പ്രതി ഒടുവില്‍ പിടിയില്‍. 2012ല്‍ ആറ്റിങ്ങല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത വന്‍ വാഹന തട്ടിപ്പ് കേസ്സിലെ ഒന്നാം പ്രതി അനില്‍ അലോഷ്യസാണ് (42) പിടിയിലായത്. ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി  എസ്സ്.വൈ.സുരേഷിന്റെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

സംസ്ഥാനത്തിനകത്തും പുറത്തുമായി വ്യാജ മേല്‍വിലാസത്തില്‍ മാറി മാറി ഇയാള്‍ താമസിച്ച് വന്നത്. ബാങ്ക് മാനേജര്‍ എന്ന വ്യാജേന പള്ളിപ്പുറം കണിയാപുരം ശ്രീനിലയം വീട്ടില്‍ താമസിച്ച് വരവെയാണ് ഇയാള്‍ അന്വേഷണ സംലത്തിന്റെ പിടിയിലാകുന്നത്. 

വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ഫിനാന്‍സ് കമ്പനിയില്‍ നിന്നും ലോണ്‍ തരപ്പെടുത്തി വാഹനം വാങ്ങി. തിരുവനന്തപുരം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ താത്കാലിക രജിസ്‌ട്രേഷന്‍ നടത്തി രേഖകള്‍ കൈവശം വാങ്ങി സെയില്‍ ലെറ്റലും, പര്‍ച്ചേസ് എഗ്രിമെന്റും വ്യാജമായി തയ്യാറാക്കി ലോണിന്റെ വിവരങ്ങള്‍ (ഹൈപ്പോതിക്കേഷന്‍) മറച്ച് വെച്ച് ആറ്റിങ്ങല്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ നിന്നും വാഹനത്തിന്റെ രേഖകള്‍ സമ്പാദിച്ചു. ഇത്തരത്തില്‍ സ്വന്തമാക്കിയ  ഒമ്പത്  വാഹനങ്ങള്‍ മറിച്ച് വില്‍പ്പന നടത്തിയും പണയം വെച്ചും ഫിനാന്‍സ് കമ്പനിയെ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതിനാണ് ഇയാള്‍ക്കെതിരെ കേസുള്ളത്. 

ഇയാളെ സഹായിച്ചു വന്നിരുന്ന നാലുപേര്‍ നേരത്തേ അറസ്റ്റിലായിരുന്നു. നെയ്യാറ്റിന്‍കര വാഴിച്ചല്‍ സ്വദേശി സനോജ്, തിരുമല മുടവന്‍മുകള്‍ സ്വദേശി പ്രകാശ്, മറ്റ് നിരവധി കേസുകളിലെ പ്രതിയായ കല്ലമ്പലം പുല്ലൂര്‍ മുക്ക് സ്വദേശി റീജു, കല്ലമ്പലം കുടവൂര്‍ നാദിര്‍ഷാ എന്നിവരാണ് മുന്‍പ് അറസ്റ്റിലായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com