അവിഹിതബന്ധം ചോദ്യം ചെയ്തു; ഭാര്യക്ക് ക്രൂര മര്‍ദനം; യുവമോര്‍ച്ച നേതാവിന് എതിരെ കേസ്

തൈക്കാട്ടുശേരി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ തേവര്‍വട്ടം കണ്ണാട്ട് വീട്ടില്‍ വിനോദ് കുമാറിന് എതിരെയാണ് കേസ്
അവിഹിതബന്ധം ചോദ്യം ചെയ്തു; ഭാര്യക്ക് ക്രൂര മര്‍ദനം; യുവമോര്‍ച്ച നേതാവിന് എതിരെ കേസ്

ചേര്‍ത്തല: അവിഹിതബന്ധം ചോദ്യംചെയ്ത ഭാര്യയെ ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിച്ചതിന് യുവമോര്‍ച്ചാ ജില്ലാ വൈസ് പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ നേതാവിനെതിരെ കേസ്. തൈക്കാട്ടുശേരി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ തേവര്‍വട്ടം കണ്ണാട്ട് വീട്ടില്‍ വിനോദ് കുമാറിന് എതിരെയാണ് കേസ്. ഭാര്യ തൃപ്പൂണിത്തുറ ആമേട ഗ്രീന്‍വാലി വില്ലയില്‍ ലക്ഷ്മിപുരം വീട്ടില്‍ ലക്ഷ്മിപ്രിയയുടെ പരാതിയിലാണ് സ്ത്രീപീഡനത്തിന് ഉദയംപേരൂര്‍ പൊലീസ് കേസെടുത്തത്. ബിജെപി അരൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമാണ് വിനോദ് കണ്ണാട്ട്. 

മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ചോദ്യംചെയ്തതിന്റെ പേരിലാണ് നിരന്തരം പീഡിപ്പിച്ചതെന്ന് ലക്ഷ്മിയുടെ മൊഴിയില്‍ പറയുന്നു. അധിക സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതായും  മൊഴിയിലുണ്ട്. 11ന് രാത്രി ഏഴരയോടെയാണ് ഒടുവില്‍ ലക്ഷ്മിപ്രിയയെ ഉപദ്രവിച്ചത്. കിടപ്പുമുറിയില്‍നിന്ന് ലഭിച്ച മൂര്‍ച്ചയേറിയ ആയുധം എന്തിനുള്ളതാണെന്ന് ചോദിച്ചതോടെ വിനോദ് ക്രൂരമര്‍ദനം തുടങ്ങിയെന്ന് പരാതിയില്‍ പറയുന്നു.  

അടിയേറ്റ് കട്ടിലില്‍ വീണപ്പോള്‍ കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചു. ഉച്ചത്തില്‍ നിലവിളിച്ചപ്പോള്‍ വീണ്ടും മര്‍ദിക്കുകയും പുറത്തേക്ക് വലിച്ചിഴയ്ക്കുകയുംചെയ്തു. പൂച്ചാക്കല്‍ പൊലീസ് സ്‌റ്റേഷനില്‍ വിളിച്ച് സംഭവം പറയുകയും പൊലീസ് തൃപ്പൂണിത്തുറയിലെ വീട്ടുകാരെ അറിയിച്ചതനുസരിച്ച് അവരെത്തി വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു. തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സനേടി. 12ന് ഉദയംപേരൂര്‍ പൊലീസിന് മൊഴിനല്‍കി. 

2012 ഏപ്രിലിലാണ് ഇവര്‍ വിവാഹിതരായത്. രണ്ട് മക്കളുണ്ട്. കംപ്യൂട്ടര്‍ എന്‍ജിനിയറിങ് ആന്‍ഡ് നെറ്റ് വര്‍ക്കിങ്ങില്‍ ബിരുദാനന്തര ബിരുദധാരിയാണ് ലക്ഷ്മി. രണ്ട് കുട്ടികളുടെ അമ്മയും നാട്ടുകാരിയുമായ സ്ത്രീയുമായി വിനോദ് അവിഹിത ബന്ധത്തിലാണെന്ന് ലക്ഷ്മിയുടെ മൊഴിയില്‍ പറയുന്നു. വിവാഹ സമയത്ത് വീട്ടുകാര്‍ നല്‍കിയ 51 പവന്‍ ആഭരണങ്ങള്‍ വിനോദ് സ്വന്തം ആവശ്യത്തിന് വിറ്റു. വീണ്ടും ആഭരണങ്ങള്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ട് മര്‍ദിച്ചു. അവിഹിതബന്ധം ചോദ്യംചെയ്തതിന് കൊല്ലുമെന്ന് പലതവണ ഭീഷണിപ്പെടുത്തിയെന്നും മൊഴിയില്‍ പറയുന്നു.  

ഐപിസി 498 എ വകുപ്പനുസരിച്ചാണ് വിനോദിനെതിരെ പൊലീസ് കേസെടുത്തത്. ഉദയംപേരൂര്‍ പൊലീസ് കേസന്വേഷണം പൂച്ചാക്കല്‍ പൊലീസ് കൈമാറും.  ലക്ഷ്മിയുടെ പരാതി നേരത്തെ പൂച്ചാക്കല്‍ സ്‌റ്റേഷനില്‍ എത്തുകയും വിനോദിന് മുന്നറിയിപ്പ് നല്‍കി ഇരുവരെയും യോജിപ്പിച്ച് അയച്ചതുമാണ്. ബിജെപി ജില്ലാനേതാക്കള്‍ ഉള്‍പ്പെടെ പലകുറി വിനോദിനായി ഇടപെട്ടെന്നും ആരോപണമുയര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com