ആലുവ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കര്‍ഫ്യൂ, കടുത്ത നിയന്ത്രണം

ചെങ്ങമ്മനാട്, കീഴ്മാട്, കടുങ്ങല്ലൂര്‍, ആലങ്ങാട്, ചൂര്‍ണിക്കര, എടത്തല, കരുമാലൂര്‍ പഞ്ചായത്തുകളിലാണ് കര്‍ഫ്യൂ
ആലുവ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കര്‍ഫ്യൂ, കടുത്ത നിയന്ത്രണം

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ ആലുവ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു. ചെങ്ങമ്മനാട്, കീഴ്മാട്, കടുങ്ങല്ലൂര്‍, ആലങ്ങാട്, ചൂര്‍ണിക്കര, എടത്തല, കരുമാലൂര്‍ പഞ്ചായത്തുകളിലാണ് കര്‍ഫ്യൂ. ഇന്ന് അര്‍ധ രാത്രി മുതല്‍ കര്‍ഫ്യു നിലവില്‍ വരും.

ആലുവയിലെയും സമീപ പഞ്ചായത്തുകളിലെയും സ്ഥിതി അതീവ ഗുരുതരമെന്ന്, കോവിഡ് അവലോകന യോഗത്തിനു ശേഷം മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. ഇതു കണക്കിലെടുത്താണ് കര്‍ഫ്യൂ പ്രഖ്യാപിക്കാനുള്ള തീരുമാനം. ആലുവയും സമീപ പഞ്ചായത്തുകളും ചേര്‍ത്ത് ലാര്‍ജ് ക്ലസ്റ്റര്‍ ആയി കണക്കാക്കും. കര്‍ശന നടപടികളിലൂടെ രോഗവ്യാപന സാധ്യത പൂര്‍ണമായും തടയുകയാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

മെഡിക്കല്‍ സ്‌റ്റോറുകള്‍ക്ക് 24 മണിക്കൂര്‍ പ്രവര്‍ത്തന അനുമതി നല്‍കും. തൃക്കാക്കരയില്‍ പ്രവര്‍ത്തിക്കുന്ന കരുണാലയത്തില്‍ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കരുണാലയത്തെ ക്ലോസ്ഡ് ക്ലസ്റ്റര്‍ ആക്കി മാറ്റും. മുവാറ്റുപുഴ പെഴക്കാപ്പള്ളി മല്‍സ്യ മാര്‍ക്കറ്റും അടച്ചിടും.

കര്‍ഫ്യൂ ഉള്ള മേഖലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാവും. കടകള്‍ പത്തു മണി മുതല്‍ രണ്ടു മണി വരെ മാത്രമേ അനുവദിക്കൂ.
വിവാഹങ്ങള്‍ക്കും മരണാന്തര ചടങ്ങുകള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ചടങ്ങുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി പൊലീസിനെയും പഞ്ചായത്ത് ഉദ്യോഗസ്ഥരെയും റവന്യൂ ഉദ്യോഗസ്ഥരെയും അറിയിക്കണം.

രോഗി സമ്പര്‍ക്കത്തിന്റെ പേരില്‍ എറണാകുളം ജില്ലയില്‍ അടച്ചിട്ടിരിക്കുന്ന എല്ലാ സ്വകാര്യ ആശുപത്രികളും അണുനാശനം നടത്തി നാളെ മുതല്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും മന്ത്രി അറയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com