കളക്ടര്‍ക്കും എഡിഎമ്മിനും പിന്നാലെ എസ്പിയും ക്വാറന്റീനില്‍ ; പായിപ്പാട് പുതിയ ക്ലസ്റ്റര്‍, കോട്ടയത്ത് കടകളുടെ പ്രവര്‍ത്തനസമയം കുറച്ചു

കോവിഡ് പോസിറ്റീവായ ആളുടെ ദ്വിതീയ സമ്പർക്കപ്പട്ടികയിൽ വന്നതോടെയാണ് എസ് പി ജി ജയ്ദേവ് ക്വാറന്റീനിൽ പ്രവേശിച്ചത്
കളക്ടര്‍ക്കും എഡിഎമ്മിനും പിന്നാലെ എസ്പിയും ക്വാറന്റീനില്‍ ; പായിപ്പാട് പുതിയ ക്ലസ്റ്റര്‍, കോട്ടയത്ത് കടകളുടെ പ്രവര്‍ത്തനസമയം കുറച്ചു


കോട്ടയം : കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ കോട്ടയത്ത് ആശങ്കയേറുന്നു. ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം രാവിലെ ഏഴു മുതല്‍ ഏഴുവരെയാക്കി പരിമിതപ്പെടുത്തി. കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട വൈക്കം ഡിപ്പോയില്‍ നിന്ന് സര്‍വീസുകള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവച്ചു. വൈക്കത്തെ വ്യാപാര സ്ഥാപനങ്ങള്‍ 29 വരെ അടച്ചിടും. രോഗം സ്ഥിരീകരിച്ച കുമരകം സ്വദേശിയായ കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഉറവിടം വ്യക്തമല്ല.

അതിനിടെ കളക്ടര്‍ക്കും എഡിഎമ്മിനും പിന്നാലെ ജില്ലാ പൊലീസ് മേധാവിയും ക്വാറന്റീനില്‍ പോയി. കോവിഡ് പോസിറ്റീവായ ആളുടെ ദ്വിതീയ സമ്പർക്കപ്പട്ടികയിൽ വന്നതോടെയാണ് എസ് പി ജി ജയ്ദേവ് ക്വാറന്റീനിൽ പ്രവേശിച്ചത്. കോട്ടയം മെഡിക്കൽ കോളജിലെ രണ്ട് വനിതാ പിജി ഡോക്ടർമാർക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. എസ്പി ജയ്ദേവിന്റെ ഭാര്യ ഗോപിക മേനോനും മെഡിക്കൽ കോളജിലെ പിജി വിദ്യാര്‍ഥിനിയാണ്. രോ​ഗം സ്ഥിരീകരിച്ച പിജി ഡോക്ടർമാരുമായി സമ്പർക്കം വന്നതിനു പിന്നലെ ഗോപികയും ക്വാറന്റീനിലാണ്. 

അതിനിടെ, സമ്പർക്കത്തിലൂടെ കോവിഡ് പോസിറ്റീവായവരുടെ എണ്ണം കൂടിയതോടെ പായിപ്പാട് പഞ്ചായത്ത് പ്രത്യേക കോവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു.  പായിപ്പാട്ട് ആന്റിജൻ പരിശോധനയ്ക്ക് വിധേയരായ 44 പേരിൽ 15 പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കളക്ടർ അഞ്ജനയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി പുതിയ ക്ലസ്റ്ററായി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. പായിപ്പാട് മാർക്കറ്റ് കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആന്റിജൻ പരിശോധന തുടരുകയാണ്. 

ചങ്ങനാശേരി മാർക്കറ്റ്, പള്ളിക്കത്തോട്, പാറത്തോട് എന്നിവയാണ് ജില്ലയിൽ കോവിഡ് ക്ലസ്റ്ററായി നേരത്തേ കണ്ടെത്തിയത്. ചങ്ങനാശേരിയിൽ വെള്ളിയാഴ്ച 3 പേർ കൂടി പോസിറ്റീവായി. ഇതോടെ 7 ദിവസം കൊണ്ട് 79 പേരാണ് ചങ്ങനാശേരി–പായിപ്പാട് മേഖലകളിൽ പോസിറ്റീവായത്. പാറത്തോട്ടിൽ 12 പേരാണ് ഇന്നലെ പോസിറ്റീവായത്. 10 ദിവസം കൊണ്ട് ഈ മേഖലയിൽ 39 പേർ പോസിറ്റീവായി. കോവിഡ് ബാധിതന്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതോടെയാണ് കലക്ടർ എം.അ‍ഞ്ജന, എഡിഎം അനിൽ ഉമ്മൻ എന്നിവർ കഴിഞ്ഞദിവസം ക്വാറന്റീനിൽ പ്രവേശിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com