'ചക്കപ്പഴവും തേനും',  'കെണി'യിൽ വീഴാതെ കരടി ; ആശങ്കയിൽ നാട്ടുകാർ

കെണിയിൽപ്പെട്ടില്ലെങ്കിൽ മയക്കുവെടിവെച്ച് പിടികൂടാനാണ് അധികൃതരുടെ തീരുമാനം
'ചക്കപ്പഴവും തേനും',  'കെണി'യിൽ വീഴാതെ കരടി ; ആശങ്കയിൽ നാട്ടുകാർ

കൊല്ലം : കൊല്ലം കടയ്ക്കലിലെ ആനപ്പാറമേഖലയെ ഭീതിയിലാഴ്ത്തി കാട്ടുകുളങ്ങരയിൽ ഇറങ്ങിയ കരടിയെ പിടികൂടാനുള്ള ശ്രമം തുടരുന്നു. കാട്ടുകുളങ്ങര ക്ഷേത്രത്തിനുസമീപം ഞായറാഴ്ച രാത്രി വനപാലകർ കൂട് സ്ഥാപിച്ചെങ്കിലും കരടി കുടുങ്ങിയില്ല. ക്ഷേത്രത്തിനോടുചേർന്നുള്ള പാറക്കെട്ടുകളും കാടും നിറഞ്ഞ സ്ഥലത്ത് കരടി ഒളിച്ചിട്ടുണ്ടെന്നാണ് വനം വകുപ്പ് അധികൃതരുടെ സംശയം. കരടിയെ പിടികൂടാത്തതോടെ നാട്ടുകാർ ആശങ്കയിലാണ്. 

ഇന്നലെ ഇവിടെ തിരച്ചിൽ നടത്തിയില്ല. ഒരുദിവസംകൂടി കാത്തിരുന്നശേഷം കൂട്ടിൽ കുടുക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ചക്കപ്പഴവും തേനും നിറച്ചാണ് കൂടൊരുക്കിയിട്ടുള്ളത്. കെണിയിൽപ്പെട്ടില്ലെങ്കിൽ മയക്കുവെടിവെച്ച് പിടികൂടാനാണ് അധികൃതരുടെ തീരുമാനം. ഇതിനായി ചൊവ്വാഴ്ച പ്രദേശമാകെ വ്യാപകമായ തിരച്ചിൽ നടത്തും.

ക്ഷേത്രത്തിനുസമീപവും കോളനി ഭാഗത്തും കുടിവെള്ള ടാങ്കിന് സമീപത്തുമാണ് വനപാലകർ കാവലുള്ളത്. കരടി പുറത്തുകടക്കാൻ സാധ്യതയുള്ള മറ്റു മേഖലകളിൽ നാട്ടുകാരും കാവലുണ്ട്. ആനപ്പാറ, കാട്ടുകുളങ്ങര, പുതൂക്കോണം, മണിയൻ മുക്ക്, കോക്കാട്ടുകുന്ന് പ്രദേശവാസികളോടും പുലർച്ചെ റബ്ബർ ടാപ്പിങ്‌ നടത്തുന്നവരോടും ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പും പൊലീസും അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com