പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തന സമയം നീട്ടി : രാവിലെ ആറ് മുതല്‍ രാത്രി 10വരെ പ്രവര്‍ത്തിക്കാം

പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തന സമയം നീട്ടി : രാവിലെ ആറ് മുതല്‍ രാത്രി 10വരെ പ്രവര്‍ത്തിക്കാം
പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തന സമയം നീട്ടി : രാവിലെ ആറ് മുതല്‍ രാത്രി 10വരെ പ്രവര്‍ത്തിക്കാം

മലപ്പുറം: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ക്ക് ഇന്ന് മുതല്‍ രാവിലെ ആറ് മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കാമെന്ന് ജില്ലാകലക്ടറുടെ ചുമതലയുള്ള എ.ഡി.എം എന്‍.എം മെഹറലി അറിയിച്ചു.

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പകര്‍ച്ചവ്യാധി തടയല്‍ നിയമപ്രകാരം ജില്ലയില്‍ 14 കേസുകള്‍ ഇന്നലെ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു.  വിവിധ സ്‌റ്റേഷനുകളിലായി 16 പേരെ ഇന്നലെ അറസ്റ്റു ചെയ്തു. നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ നാല് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

ജില്ലയില്‍ ഇന്നലെ 593 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി എ.ഡി.എം. എന്‍.എം. മെഹറലി അറിയിച്ചു. 12,977 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 198 പേര്‍  വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 194 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ രണ്ട് പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും തിരൂര്‍ ജില്ലാ ആശുപത്രിയിലും ഒരാള്‍ വീതവുമാണ് ചികിത്സയിലുള്ളത്. 11,390 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 1,389 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു.

കോവിഡ് 19 സ്ഥിരീകരിച്ച് ജില്ലയില്‍ 72 പേരാണ്  നിലവില്‍ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ ഇതുവരെ 114 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 39 പേരാണ് രോഗം ഭേദമായി വീടുകളിലേയ്ക്ക് മടങ്ങിയത്. എട്ട് പേര്‍ രോഗം ഭേദമായ ശേഷം തുടര്‍ നിരീക്ഷണങ്ങള്‍ക്കായി സ്‌റ്റെപ് ഡൗണ്‍ ഐ.സി.യുവില്‍ തുടരുകയാണ്. ജില്ലയില്‍ ഇതുവരെ 3,937 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 306 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com