കഠിനംകുളം കൂട്ടബലാത്സംഗ കേസ്; യുവതിയുടെ ഭര്‍ത്താവും നാല് സുഹൃത്തുക്കളും അറസ്റ്റില്‍, ചുമത്തിയിരിക്കുന്നത് പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍

ഭര്‍ത്താവ് സുഹൃത്തുക്കളില്‍ നിന്ന് പണം വാങ്ങിയത് കണ്ടതായി യുവതി പൊലീസിന് മൊഴി നല്‍കിയിരുന്നു.
കഠിനംകുളം കൂട്ടബലാത്സംഗ കേസ്; യുവതിയുടെ ഭര്‍ത്താവും നാല് സുഹൃത്തുക്കളും അറസ്റ്റില്‍, ചുമത്തിയിരിക്കുന്നത് പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍

തിരുവനന്തപുരം: കഠിനംകുളം കൂട്ടബലാത്സംഗ കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. അക്രമത്തെ അതിജീവിച്ച യുവതിയുടെ ഭര്‍ത്താവും നാല് സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്. കസ്റ്റഡിയിലുള്ള ഒരാളെ ചോദ്യം ചെയ്തുവരികയാണ്. ഭര്‍ത്താവ് സുഹൃത്തുക്കളില്‍ നിന്ന് പണം വാങ്ങിയത് കണ്ടതായി യുവതി പൊലീസിന് മൊഴി നല്‍കിയിരുന്നു. യുവതിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തിയ ശേഷമാണ് കഠിനംകുളം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. 

ബലാത്സംഗ ശ്രമം, പോക്‌സോ, മോഷണശ്രമം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. യുവതിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തുവൈച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്. ഓട്ടോയുടെ ഉടമ ഒളിവിലാണ്.

ഇന്നലെയാണ് പുതുക്കിറിച്ചിയിലെ ബീച്ചിന് സമീപത്തെ വീട്ടില്‍ പീഡന ശ്രമം നടന്നത്. സുഹൃത്തുക്കളില്‍ ഒരാള്‍ പണം നല്‍കുന്നത് കണ്ടെന്ന് യുവതി മൊഴി നല്‍കിയിരുന്നു. സുഹൃത്തുക്കള്‍ ഉപദ്രവിച്ചപ്പോള്‍ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നെന്നും മൊഴിയില്‍ പറയുന്നു.

സംഭവം നടക്കുന്നതിന് രണ്ടുദിവസം മുന്‍പ് ബീച്ചിന് സമീപത്തുള്ള വീട്ടില്‍ എത്തിയിരുന്നു. അന്ന് ഭര്‍ത്താവിന്റെ സുഹൃത്തുകള്‍ വീട്ടിലുണ്ടായിരുന്നു. പക്ഷേ അന്ന് മോശമായ പെരുമാറ്റമൊന്നും ഉണ്ടായില്ല. സുഹൃത്തുക്കളില്‍ ഒരാള്‍ പണം അടങ്ങിയ പൊതി ഭര്‍ത്താവിന് നല്‍കുന്നത് കണ്ടു. എന്നാല്‍ എത്ര തുകയാണെന്ന് അറിയില്ലെന്നും യുവതി പൊലീസിന് മൊഴി നല്‍കി.

ര്!ത്താവ് മദ്യം ബലമായി കുടിപ്പിച്ചാണ് ക്രൂരപീഡനത്തിന് ഇരയാക്കിയതെന്ന് യുവതി വെളിപ്പെടുത്തി. ബീച്ച് കാണിക്കാമെന്ന് പറഞ്ഞാണ് ഭര്‍ത്താവ് തന്നെ കുടുംബസുഹൃത്തിന്റെ വീട്ടിലെത്തിച്ചത്. ഭര്‍ത്താവിനൊപ്പം നാലുപേര്‍ തന്നെ ഉപദ്രവിച്ചു. പിന്നെ ആളൊഴിഞ്ഞ പറമ്പിലെത്തിച്ചും തന്നെയും കുട്ടിയെയും ഉപദ്രവിച്ചു. തന്നോട് പരാതി പിന്‍വലിക്കണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടെന്നും യുവതി വെളിപ്പെടുത്തി.

തന്നെ മുറിയിലടച്ചശേഷം ഭര്‍ത്താവും കൂട്ടുകാരും പുറത്തേക്ക് പോയി. ഇതിനിടെ ഒരാളെത്തി കടന്നുപിടിച്ചു. ഇതിനിടെ വീട്ടിലുണ്ടായിരുന്ന പ്രായമായ സ്ത്രീ, ഇവിടെ നിന്നും രക്ഷപ്പെട്ടോളാന്‍ തന്നോട് പറഞ്ഞു. കൂടെയുണ്ടായിരുന്ന മകനൊപ്പം വീട്ടില്‍ നിന്നും പുറത്തുകടന്ന ഉടന്‍ തന്നെ, ഭര്‍ത്താവ് ചിലരുമായി അടിയുണ്ടാക്കുകയാണെന്നും വേഗം എത്താനും ആവശ്യപ്പെട്ടു.

റോഡിലെത്തിയ തന്നെയും മകനെയും അവിടെയുണ്ടായിരുന്ന കാറിലേക്ക് തള്ളിയിട്ടു. വിജനമായ ഒരിടത്തുകൊണ്ടുപോയി ഉപദ്രവിച്ചു. അടിയേറ്റ തനിക്ക് ബോധം പോയി. മകനെ ഉപദ്രവിക്കുന്നത് കേട്ടാണ് കണ്ണുതുറക്കുന്നത്. അപ്പോള്‍ തന്റെ മേല്‍വസ്ത്രം മാത്രമാണ് ഉണ്ടായിരുന്നത്.

തന്റെ തുടയില്‍ സിഗരറ്റ് വെച്ചുകുത്തി പൊള്ളിച്ചതായും യുവതി പറയുന്നു. കുട്ടിയുമായി താന്‍ ഒരുവിധം റോഡിലെത്തി മുന്നിലെത്തിയ ബൈക്കിന് കൈകാണിക്കുകയായിരുന്നു. ബൈക്കിലുണ്ടായിരുന്നവര്‍ ഏര്‍പ്പാടാക്കിയ കാറിലാണ് വീട്ടിലെത്തിച്ചത്. കാറില്‍ തന്റെ വീട്ടിലെത്തിച്ചു. പിന്നീട് ഭര്‍ത്താവ് ഇളയമകനെയും കൂട്ടി വീട്ടിലെത്തി. പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ തന്റെ അമ്മ അതിന് വിസമ്മതിക്കുകയായിരുന്നു എന്ന് യുവതി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com