കോവിഡ് പ്രതിരോധത്തിലെ മുന്‍നിര പോരാളികള്‍ക്ക് കേരള പൊലീസിന്റെ സ്‌നേഹാദരം; ശുചീകരണ തൊഴിലാളികളെ ആദരിച്ചു

കോവിഡ് പ്രതിരോധത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ശുചീകരണ തൊഴിലാളികളെ ആദരിക്കുന്നതിന് കേരള പൊലീസ് സംസ്ഥാന വ്യാപകമായി പരിപാടികള്‍ സംഘടിപ്പിച്ചു
കോവിഡ് പ്രതിരോധത്തിലെ മുന്‍നിര പോരാളികള്‍ക്ക് കേരള പൊലീസിന്റെ സ്‌നേഹാദരം; ശുചീകരണ തൊഴിലാളികളെ ആദരിച്ചു

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ശുചീകരണ തൊഴിലാളികളെ ആദരിക്കുന്നതിന് കേരള പൊലീസ് സംസ്ഥാന വ്യാപകമായി പരിപാടികള്‍ സംഘടിപ്പിച്ചു. ബേക്കേഴ്‌സ് അസോസിയേഷന്‍, നന്മ ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പ്രോജക്റ്റാണ് പരിപാടി സംഘടിപ്പിച്ചത്. സാദരം എന്ന പേരിലാണ് വിവിധ ജില്ലകളില്‍ ഇന്ന് പരിപാടി നടന്നത്.

തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജനറല്‍ ആശുപത്രിയിലെ 10 ശുചീകരണത്തൊഴിലാളികള്‍ക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഭക്ഷണപ്പൊതികളും പലവ്യഞ്ജനകിറ്റുകളും മധുരപലഹാരവും വിതരണം ചെയ്തു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ സംബന്ധിച്ചു. പേരൂര്‍ക്കട ഗവണ്‍മെന്റ് മാതൃകാ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും ഐരാണിമുട്ടം ഗവണ്‍മെന്റ് ആശുപത്രിയിലും  ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് പരിപാടികള്‍ നടത്തിയത്.

ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്‍, കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രതിഭാ ഹരി എം.എല്‍.എ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മറ്റ് ജില്ലകളില്‍ ജില്ലാ കലക്ടര്‍മാരും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയിലെ നോഡല്‍ ഓഫീസര്‍മാരും കുട്ടികളും ആശുപത്രി അധികൃതരും പങ്കെടുത്തു. കൊല്ലം സിറ്റി, കൊല്ലം റൂറല്‍, വയനാട് എന്നിവയൊഴികെ എല്ലാ ജില്ലകളിലും ചടങ്ങ് സംഘടിപ്പിച്ചിരുന്നു. മഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശുചീകരണത്തൊഴിലാളികള്‍ക്ക് സംസ്ഥാന പൊലീസ് കഴിഞ്ഞയാഴ്ച ശുചീകരണ കിറ്റുകളും ലഭ്യമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com