കുഞ്ഞിനെ കാണാനെത്തുമെന്ന വാക്കുപാലിക്കാനായില്ല; ആതിര ഇന്ന് നിതിനെ കാണും അവസാനമായി; സംസ്കാരം വൈകീട്ട്

മൃതദേഹം ആദ്യം പ്രസവശേഷം ആശുപത്രിയില്‍ കഴിയുന്ന ഭാര്യ ആതിരയുടെ അടുക്കലെത്തിക്കും
കുഞ്ഞിനെ കാണാനെത്തുമെന്ന വാക്കുപാലിക്കാനായില്ല; ആതിര ഇന്ന് നിതിനെ കാണും അവസാനമായി; സംസ്കാരം വൈകീട്ട്

കൊച്ചി:  ദുബായില്‍ മരിച്ച പേരാമ്പ്ര സ്വദേശി നിതിന്റെ മൃതദേഹം കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടു പോയി. സംസ്‌കാരം വൈകിട്ട് വീട്ടുവളപ്പില്‍ നടക്കും. മൃതദേഹം ആദ്യം പ്രസവശേഷം ആശുപത്രിയില്‍ കഴിയുന്ന ഭാര്യ ആതിരയുടെ അടുക്കലെത്തിക്കും. കഴിഞ്ഞ ദിവസമാണ് ദുബായിലെ താമസസ്ഥലത്തു വച്ച് നിതിന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. പ്രിയതമന്റെ വേര്‍പാടറിയാതെ ആതിര ഇന്നലെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. വിദേശത്ത് കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കാന്‍ നിയമപോരാട്ടം നടത്തിയത് ഗര്‍ഭിണിയായ ആതിരയും ഭര്‍ത്താവ് നിതിന്‍ ചന്ദ്രനുമായിരുന്നു.

അന്ന് ആതിരയോടൊപ്പം നാട്ടിലെത്താന്‍ ഭര്‍ത്താവ് നിതിനും ടിക്കറ്റ് ലഭിച്ചിരുന്നു. പക്ഷെ തന്നെക്കാള്‍ ടിക്കറ്റിന് ആവശ്യക്കാര്‍ ഏറെയുണ്ടെന്ന കാരണം പറഞ്ഞ് യാത്ര മാറ്റിവെക്കുകയായിരുന്നു.പ്രസവ സമയത്ത് നാട്ടിലെത്താമെന്നായിരുന്നു നിതിന്‍ ആതിരക്ക് നല്‍കിയ വാക്ക്.

ദുബായില്‍ ഐടി എന്‍ജിനീയറായ ആതിര ലോക്ഡൗണില്‍ വിദേശത്തു കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിച്ചതോടെയാണു ശ്രദ്ധേയയായത്. കഴി!ഞ്ഞ ദിവസം നിതിന്റെ മരണവാര്‍ത്തയറിഞ്ഞ ബന്ധുക്കള്‍, പ്രസവത്തിനു മുന്‍പുള്ള കോവിഡ് പരിശോധനയ്‌ക്കെന്ന പേരില്‍ ആതിരയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

ജൂലൈ ആദ്യവാരമാണു പ്രസവത്തീയതി കണക്കാക്കിയിരുന്നതെങ്കിലും ഭര്‍ത്താവിന്റെ മരണവിവരം അറിയിക്കുന്നതിനു മുന്‍പ് പ്രസവശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നലെ രാവിലെ 11.40ന് ആതിര പെണ്‍കുഞ്ഞിനു ജന്മം നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com