ശബരിമലയിലെ ഉത്സവം മാറ്റിവെക്കണം; തന്ത്രിയുടെ നിര്‍ദേശം അംഗീകരിക്കണമെന്ന് കെ സുരേന്ദ്രന്‍

ബരിമലയിലെ ഉത്സവം മാറ്റിവയ്ക്കണമെന്നും ഇപ്പോള്‍ ഭക്തരെ പ്രവേശിപ്പിക്കരുതെന്നുമുള്ള തന്ത്രിയുടെ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിക്കണമെന്ന് കെ സുരേന്ദ്രന്‍
ശബരിമലയിലെ ഉത്സവം മാറ്റിവെക്കണം; തന്ത്രിയുടെ നിര്‍ദേശം അംഗീകരിക്കണമെന്ന് കെ സുരേന്ദ്രന്‍

തിരുവന്തപുരം: ശബരിമലയിലെ ഉത്സവം മാറ്റിവയ്ക്കണമെന്നും ഇപ്പോള്‍ ഭക്തരെ പ്രവേശിപ്പിക്കരുതെന്നുമുള്ള തന്ത്രിയുടെ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിക്കണമെന്ന് ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തില്‍ രോഗവ്യാപനത്തിന്റെ ഇപ്പോഴത്തെ പശ്ചാത്തലത്തില്‍ ശബരിമലയിലേക്ക് തീര്‍ഥാടകരെത്തുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

ദര്‍ശനം നടത്തുന്നവര്‍ക്കാര്‍ക്കെങ്കിലും രോഗം സ്ഥിരീകരിച്ചാല്‍ ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ ഉള്‍പ്പെടെ നിരീക്ഷണത്തില്‍ പോകേണ്ടി വരും. പുറപ്പെടാ ശാന്തിയുള്ള ക്ഷേത്രത്തിന്റെ ആചാരപരമായ ചടങ്ങുകളെ തന്നെ ഇതു ബാധിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാനായി ബവ്‌റിജസ് ഔട്ട്‌ലെറ്റുകള്‍ തുറന്ന അതേ ലാഘവത്തോടെയാണ് ക്ഷേത്രങ്ങളിലും ആരാധനയ്ക്ക് ആളുകളെ കയറ്റാനുള്ള തീരുമാനം. രോഗവ്യാപനം ഉയര്‍ന്ന് നില്‍ക്കുന്ന ഈ സമയത്ത് ശബരിമല ഉള്‍പ്പടെയുള്ള ക്ഷേത്രങ്ങളിലേക്ക് ഭക്തരെത്തുന്നത് പ്രതിസന്ധി രൂക്ഷമാക്കും.

ശബരിമല ക്ഷേത്ര ഉത്സവം മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്നത് രോഗവ്യാപന പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു. അതാണിപ്പോള്‍ നടത്താന്‍ തുനിയുന്നത്. ഉത്സവം കുറച്ചു കൂടി നീട്ടിവയ്ക്കണം എന്ന തന്ത്രിയുടെ നിര്‍ദേശം സ്വീകരിക്കണം. സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിച്ച് ശബരിമലയില്‍ ഇപ്പോള്‍ തീര്‍ഥാടകരെ കയറ്റുന്നതില്‍നിന്ന് പിന്തിരിയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com