ഒരു മണിക്കൂര്‍ ക്ലാസിലിരുത്തിയത് അഞ്ജുവിനെ മാനസികമായി തളര്‍ത്തി; കോപ്പിയടി കണ്ടെത്തിയെങ്കിലും വിശദീകരണം എഴുതി വാങ്ങിയില്ല; അന്വഷണസമിതി റിപ്പോര്‍ട്ട് ഇന്ന് കൈമാറും

കോപ്പിയടിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനി അഞ്ജു പി ഷാജി ജീവനൊടുക്കിയ സംഭവത്തില്‍ കോളജിന് ജാഗ്രത കുറവെന്ന് സര്‍വകലാശാല അന്വേഷണസമിതി
Anju_P_Shaji
Anju_P_Shaji

കോട്ടയം: കോപ്പിയടിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനി അഞ്ജു പി ഷാജി ജീവനൊടുക്കിയ സംഭവത്തില്‍ കോളജിന് ജാഗ്രത കുറവെന്ന് സര്‍വകലാശാല അന്വേഷണസമിതി. കോപ്പിയടി കണ്ടെത്തിയെങ്കിലും വിശദീകരണം എഴുതി വാങ്ങിയില്ല. ഒരുമണിക്കൂര്‍ ക്ലാസ് മുറിയിലിരുത്തിയത് മാനസികമായി തളര്‍ത്തി. അന്വഷണസമതി റിപ്പോര്‍ട്ട് ഇന്ന് ഉച്ചയ്ക്ക് കൈമാറും. അതിന് ശേഷമായിരിക്കും തുടര്‍നടപടിയുണ്ടാവുക.

എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം എംഎസ് മുരളിയുടെ നേതൃത്വലിലുള്ള മൂന്നംഗസമിതി കോളജിലെത്തി മൊഴിയെടുത്തു. പ്രിന്‍സിപ്പളിന്റെ പരീക്ഷാ ഹാളിലുണ്ടായിരുന്നവരുടെയും മൊഴി രേഖപ്പെടുത്തി. അഞ്ജുവിനൊപ്പം ഹാളിലുണ്ടായിരുന്ന മറ്റുകുട്ടികളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയോടെ റിപ്പോര്‍ട്ട് വൈസ് ചാന്‍സലര്‍ക്ക് നല്‍കും.

പെണ്‍കുട്ടി ഹാള്‍ടിക്കറ്റിന്റെ പിന്നില്‍ ഉത്തരങ്ങള്‍ എഴുതിക്കൊണ്ട് വന്നെന്നായിരുന്നു ആരോപണം. യഥാര്‍ഥ ഹാള്‍ ടിക്കറ്റിന്റെ ഫോട്ടോ കോപ്പിയാണ് മൂന്നംഗ സംഘത്തിന് ലഭിച്ചത്. ഇതില്‍ എഴുത്ത് വ്യക്തമായിരുന്നില്ല. അതിനാല്‍ കൈയക്ഷരം കുട്ടിയുടേതാണോ എന്ന് പരിശോധിക്കാന്‍ കഴിഞ്ഞില്ല. ഹാള്‍ടിക്കറ്റ് പൊലീസിന്റെ പക്കലാണ്. ഇവര്‍ കൈയക്ഷര വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്.

അഞ്ജു പരീക്ഷാഹാളില്‍ വന്നതുമുതല്‍ ഇറങ്ങിപ്പോകുന്നത് വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍(ഏകദേശം ഒരുമണിക്കൂര്‍ 22 മിനിറ്റ്) സംഘം പരിശോധിച്ചു. കൊണ്ടുവന്നതായി പറയുന്ന കോപ്പി നോക്കി എഴുതിയതായി അതില്‍ വ്യക്തമല്ല. എന്നാല്‍ കോപ്പി അടിക്കുകയെന്ന ഉദ്ദേശ്യത്തോടെ കൈവശംവച്ചാലും കുറ്റമാണ്.

പൊലിസ് അന്വേഷണസംഘം  പരീക്ഷാ ഹാളിലുണ്ടായിരുന്ന അധ്യാപകരുടെയും പ്രന്‍സിപ്പലിന്റെയും മൊഴി രേഖപ്പെടുത്തി. ഹാളിലെ നിരീക്ഷണ ക്യാമറയിലുള്ള വിവരങ്ങളാണ് ഇവര്‍ പൊലീസിന് നല്‍കിയ മൊഴിയിലും. പെണ്‍കുട്ടിയുടെ സമീപത്തിരുന്ന ഏഴുതിയ ആറ് വിദ്യാര്‍ഥികളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഡിവൈഎസ്പി  സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോളജിലെത്തി സിസിസി ടിവി ദൃശ്യങ്ങളുടെ പരിശോധനയ്ക്കായി ഹാര്‍ഡ് ഡിസ്‌ക് കസ്റ്റഡിയിലെടുത്തത്. സിസി ടിവി ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് മരിച്ച വിദ്യാര്‍ഥിനിയുടെ വീട്ടുകാര്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇത് കോടതിയില്‍ ഹാജരാക്കി ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കും. കോളജിലെ തെളിവെടുപ്പ് വൈകിയതിനാല്‍ ഇന്ന് വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com