ജനനേന്ദ്രിയം മുറിച്ച കേസ് : പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു; പെണ്‍കുട്ടിയുടെയും കാമുകന്റെയും പങ്കും  ഉന്നത ഗൂഢാലോചനയും അന്വേഷണപരിധിയില്‍

പ്രാദേശിക തര്‍ക്കങ്ങളെത്തുടര്‍ന്നുള്ള ഉന്നത ഇടപെടലും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്
ജനനേന്ദ്രിയം മുറിച്ച കേസ് : പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു; പെണ്‍കുട്ടിയുടെയും കാമുകന്റെയും പങ്കും  ഉന്നത ഗൂഢാലോചനയും അന്വേഷണപരിധിയില്‍

തിരുവനന്തപുരം : സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ സമഗ്ര അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. 14 അംഗ സംഘത്തെയാണ് നിയോഗിച്ചത്. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ് പി പ്രശാന്തന്‍ കാണിക്കാണ് അന്വേഷണചുമതല. ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്ത് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.


കേസില്‍ പെണ്‍കുട്ടിയുടെയും കാമുകന്റെയും പങ്കും അന്വേഷിക്കും. പ്രാദേശിക തര്‍ക്കങ്ങളെത്തുടര്‍ന്നുള്ള ഉന്നത ഇടപെടലും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി നിര്‍ദേശം നല്‍കി.
ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ ഉന്നത ഗൂഢാലോചന നടന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയതോടെയാണ് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാകുന്നത്.

ഗൂഢാലോചനയില്‍ ഉന്നതര്‍ക്ക് അടക്കം പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍. എന്നാല്‍ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട ഗംഗേശാനന്ദ സ്വാമിയെ മാത്രം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ച പെണ്‍കുട്ടിയുടെ മൊഴിമാറ്റം പൊലീസ് ഗൗരവമായി എടുത്തില്ലെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

2017 മെയ് 19 ന് രാത്രിയാണ് ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം ഉണ്ടായത്. സ്വാമി ലൈംഗികകാതിക്രമത്തിന് ശ്രമിച്ചപ്പോള്‍ 23 കാരിയായ വിദ്യാര്‍ത്ഥിനി സ്വയം രക്ഷയ്ക്ക് ശ്രമിച്ചു എന്നായിരുന്നു പരാതി. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പു മുതല്‍ ഗംഗേശാനന്ദ പീഡിപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. കേസില്‍ ഗംഗേശാനന്ദയെ പ്രതിയാക്കി പൊലീസ് കുറ്റപത്രം നല്‍കാനിരിക്കെയാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.

ഗംഗാശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്ന് ആദ്യം പെണ്‍കുട്ടിയും പിന്നീട് മാതാപിതാക്കളും കോടതിയില്‍ മൊഴി മാറ്റി. ജനനേന്ദ്രിയം ഛേദിച്ചത് പെണ്‍കുട്ടിയുടെ കാമുകന്‍ അടക്കമുള്ളവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണെന്നും കോടതിയില്‍ മൊഴി തിരുത്തി പറഞ്ഞിരുന്നു. പൊലീസ് മുഖവിലയ്‌ക്കെടുക്കാതിരുന്ന മൊഴിമാറ്റം ക്രൈംബ്രാഞ്ച് അതീവ ഗൗരവത്തോടെയാണ് കണ്ടത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗൂഢാലോചന സംശയിക്കാവുന്ന ഒട്ടേറെ തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചു. ജനനേന്ദ്രിയം മുറിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സംഭവം നടക്കുന്നതിന് രണ്ടുമാസം മുമ്പ് പെണ്‍കുട്ടി ഇന്റര്‍നെറ്റില്‍ കണ്ടിരുന്നുവെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിന്റെ ഫൊറന്‍സിക് പരിശോധനാഫലത്തിലാണ് നിര്‍ണായക തെളിവ് ലഭിച്ചത്. സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ച വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ, സ്വാമിയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിനിടെ പരാമര്‍ശം നടത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com