വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരുടെ ക്വാറന്റൈന്‍ മാര്‍ഗരേഖ പുതുക്കി; സത്യവാങ്മൂലം നല്‍കണം, പരിശോധന

വിദേശത്ത് നിന്ന് നാട്ടിലെത്തുന്ന പ്രവാസികളുടെയും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടില്‍ എത്തുന്നവരുടെയും  ക്വാറന്റൈന്‍ മാര്‍ഗരേഖ സംസ്ഥാന സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു
വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരുടെ ക്വാറന്റൈന്‍ മാര്‍ഗരേഖ പുതുക്കി; സത്യവാങ്മൂലം നല്‍കണം, പരിശോധന

തിരുവനന്തപുരം: വിദേശത്ത് നിന്ന് നാട്ടിലെത്തുന്ന പ്രവാസികളുടെയും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടില്‍ എത്തുന്നവരുടെയും  ക്വാറന്റൈന്‍ മാര്‍ഗരേഖ സംസ്ഥാന സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു.വിദേശത്ത് നിന്ന് നാട്ടില്‍ എത്തുന്നവരില്‍ ക്വാറന്റൈന്‍ മാര്‍ഗരേഖ അനുസരിച്ച് വീട്ടില്‍ സൗകര്യമുള്ളവര്‍ക്ക് വീട്ടിലേക്ക് പോകാവുന്നതാണ്. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം സത്യവാങ്മൂലം എഴുതിവാങ്ങിയ ശേഷമാണ് പോകാന്‍ അനുവദിക്കുക. ഇതൊടൊപ്പം ആവശ്യമായ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സ്വന്തം വാഹനങ്ങളിലോ ടാക്‌സികളിലോ വീട്ടിലേക്കു മടങ്ങാം. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനം, പൊലീസ്, കോവിഡ് കെയര്‍ സെന്റര്‍ നോഡല്‍ ഓഫീസര്‍, ജില്ലാ ഭരണകൂടം എന്നിവയ്ക്ക് നിരീക്ഷണത്തില്‍ കഴിയുന്ന ആളുടെ വിവരങ്ങള്‍ കൈമാറും. നിശ്ചിത സമയത്തിനകം വീട്ടില്‍ എത്തിയെന്ന് പൊലീസ് ഉറപ്പാക്കും. വീട്ടിലെ സൗകര്യം ഉറപ്പാക്കേണ്ടത് തദ്ദേശസ്ഥാപനങ്ങള്‍ ആണ്. ന്യൂനതകള്‍ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ക്വാറന്റൈന്‍ സെന്ററിലേക്ക് മാറ്റാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വീട്ടില്‍ ക്വാറന്റൈന്‍ സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാരിന്റെ ക്വാറന്റൈന്‍ സൗകര്യം തെരഞ്ഞെടുക്കാം. പെയ്ഡ് ക്വാറന്റൈന്‍ തെരഞ്ഞെടുക്കാനുളള സൗകര്യവുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സുരക്ഷിതമായ ക്വാറന്റൈന്‍ ഉറപ്പാക്കാന്‍ വീട്ടിലുളളവര്‍ക്ക് ആവശ്യമായ ബോധവത്കരണം നല്‍കും. കുട്ടികള്‍, പ്രായമായവര്‍ എന്നിവര്‍ക്ക് പ്രത്യേകമായി നിര്‍ദേശങ്ങള്‍ നല്‍കും.നിരീക്ഷണത്തില്‍ കഴിയുന്നയാള്‍ ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ ലംഘിക്കാന്‍ പാടില്ല. ലംഘിച്ചാല്‍ പൊലീസ് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരും സത്യവാങ്മൂലം നല്‍കണം. കോവിഡ് ജാഗ്രത പോര്‍ട്ടല്‍ വഴിയാണ് ഇത് നല്‍കേണ്ടത്. സ്വന്തം വീടോ അനുയോജ്യമായ മറ്റൊരു വീടോ തെരഞ്ഞെടുക്കാം.സത്യവാങ്മൂലം സംബന്ധിച്ച് ജില്ലാ കോവിഡ് കണ്‍ട്രോള്‍ റൂം അന്വേഷണം നടത്തി സുരക്ഷിത ക്വാറന്റൈന്‍ ഉറപ്പാക്കണം. അല്ലാത്ത പക്ഷം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനോ പെയ്ഡ് ക്വാറന്റൈനോ തെരഞ്ഞെടുക്കാം.സംസ്ഥാനത്ത് പ്രവേശിക്കാന്‍ അനുമതി നല്‍കുന്ന വിവരം ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, പൊലീസ്, കോവിഡ് കെയര്‍ സെന്റര്‍ നോഡല്‍ ഓഫീസര്‍ എന്നിവരെ അറിയിച്ചിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com