ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കില്ല;  ഉത്സവം വേണ്ടെന്നുവച്ചു; മാസപൂജ ചടങ്ങുമാത്രമായി നടത്തും

ശബരിമലയില്‍  മാസപൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു
ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കില്ല;  ഉത്സവം വേണ്ടെന്നുവച്ചു; മാസപൂജ ചടങ്ങുമാത്രമായി നടത്തും

ശബരിമല: ശബരിമലയില്‍  മാസപൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. ഈ വര്‍ഷത്തെ ഉത്സവാഘോഷം വേണ്ടന്ന് വച്ചതായും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തന്ത്രി ദേവസ്വം കമ്മീഷണര്‍ക്ക് നല്‍കിയ കത്ത് പരിഗണിച്ചാണ് തീരുമാനം. ഈ മാസം 14ന് നടതുറക്കുമ്പോള്‍ ഭക്തരെ പ്രവേശിപ്പിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. 80 ദിവസത്തിലേറെയായി ശബരിമലയിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നില്ല.

മന്ത്രിയും തന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഭക്തരെ പ്രവേശിപ്പിക്കാനുളള് തീരുമാനം പിന്‍വലിച്ചതായി അറിയിച്ചത്. തന്ത്രി കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ദേവസ്വം മന്ത്രി  തന്ത്രി മഹേഷ് മോഹനരുമായി ചര്‍ച്ച നടത്തുകയായിരുന്നു.

മെയ് മാസം 30ാം തിയ്യതിയായിരുന്നു മതസ്ഥാപനങ്ങളും ആരാധാനലയങ്ങളും തുറക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം വന്നതെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.  കേന്ദ്ര നിര്‍ദേശം വന്നിട്ടും സംസ്ഥാനത്ത് ആരാധാനലയങ്ങള്‍ തുറക്കാത്തതിനെതിരെ ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തി. മദ്യശാലകള്‍ തുറന്നപ്പോള്‍ ആരാധാനലയള്‍ തുറക്കാത്തത് എന്താണെന്ന രീതിയില്‍  സര്‍ക്കാരിനെ പരിഹസിച്ചു. സര്‍ക്കാര്‍ മനപൂര്‍വം വൈകിക്കുന്നുവെന്ന് ദുര്‍വ്യാഖ്യാനം ഉയര്‍ത്തി. ഈ സാഹചര്യത്തിലാണ് മതമേലധ്യക്ഷനമാരും തന്ത്രിമാരും മറ്റ് പ്രധാനസംഘടനകളുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി തീരുമാനത്തിലെത്തിയത്. യോഗത്തില്‍ പങ്കെടുത്ത എല്ലാവരും കേന്ദ്രനിലപാടിനൊപ്പമായിരുന്നു. നിബന്ധനകള്‍ പാലിക്കണമെന്ന് സര്‍ക്കാര്‍ പറഞ്ഞപ്പോള്‍ യോജിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് 9 മുതല്‍ ക്ഷേത്രങ്ങള്‍   തുറക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

ശബരിമലയിലെ ഭരണപരമായ കാര്യങ്ങളൊഴിച്ച് മറ്റെല്ലാം കാര്യത്തിലും തന്ത്രിമാരുടെ അഭിപ്രായം സ്വീകരിക്കാറുണ്ട്. ഇക്കാര്യത്തിലും തന്ത്രി കുടുംബാംഗങ്ങളെ ബന്ധപ്പെട്ടിരുന്നു. തീരുമാനം എടുത്ത ശേഷവും അറിയിച്ചിരുന്നു. പിന്നീട് സംസ്ഥാനത്ത് പൊതുവില്‍  കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. വലിയതോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുനരാലോചന നടത്തുന്നത് നല്ലതല്ലേ എന്നാണ് തന്ത്രി കത്തില്‍ ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ ഇതിനോട് യോജിക്കുന്നു.  ഭക്തജനങ്ങളില്‍ നല്ലഭാഗം അന്ധ്ര, തെലുങ്കാന, തമിഴ്‌നാട് കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നാണ് വരുന്നത്. അവിടെ വലിയ തോതിലാണ് വ്യാപനം. അവരോട് ഇങ്ങോട്ട് വരരുതെന്ന് പറയാനാവില്ല. വെര്‍ച്വുല്‍ ക്യൂവിലുടെ കര്‍ശനമായി നിയന്ത്രണം ഏര്‍പ്പെടുത്തിയാലും 2000 പേര്‍ എത്തും. അതില്‍ ആരെങ്കിലും ഒരാള്‍ക്ക് പകര്‍ന്നാല്‍ അത് ക്ഷേത്രനടത്തിപ്പിനെ ബാധിക്കും. ഈ  സാഹചര്യത്തിലാണ് തന്ത്രി കത്ത് നല്‍കിയതെന്നും കടകംപള്ളി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com