നിലവാരമില്ലാത്ത ചില്ലുവാതിൽ, സ്റ്റിക്കർ പതിപ്പിച്ചിരുന്നില്ല; ബാങ്കിൽ യുവതി മരിച്ച സംഭവത്തിൽ അന്വേഷണം വേണമെന്ന് ബന്ധുക്കൾ

കനം കുറഞ്ഞ ചില്ലിന്റെ വാതിലാണ് അപകടകാരണമെന്ന് ബന്ധുക്കൾ
നിലവാരമില്ലാത്ത ചില്ലുവാതിൽ, സ്റ്റിക്കർ പതിപ്പിച്ചിരുന്നില്ല; ബാങ്കിൽ യുവതി മരിച്ച സംഭവത്തിൽ അന്വേഷണം വേണമെന്ന് ബന്ധുക്കൾ

കൊച്ചി : യുവതി ചില്ലുവാതിലിലിടിച്ച് മരിച്ച സംഭവത്തിൽ ബാങ്ക് ഓഫ് ബറോഡ ശാഖയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം. ബാങ്കിന്റെ ചില്ലുവാതിൽ പൊട്ടി വീണ് വയറ്റിൽ കുത്തിക്കയറിയാണ് 43കാരിയായ ബീന മരിച്ചത്. നിലവാരമില്ലാത്ത ചില്ലുവാതിൽ സ്ഥാപിച്ചതാണ് അപകടത്തിന് കാരണമെന്നാണ് ബന്ധുക്കൾ ആരോപിച്ചു.

കനം കുറഞ്ഞ ചില്ലിന്റെ വാതിലാണ് അപകടകാരണമെന്ന് ബന്ധുക്കൾ പറയുന്നു. കനം കൂടിയ ചില്ലായിരുന്നെങ്കിൽ തകരില്ലായിരുന്നു. വാതിലിൽ ഗ്ലാസ് ഉണ്ടെന്നു തോന്നത്തക്കവിധം സ്റ്റിക്കർ പതിപ്പിച്ചിരുന്നില്ല. ഏഴ് അടിയോളം ഉയരത്തിൽ ഒരു കഷണം ഗ്ലാസാണു വാതിലായി ഉപയോഗിച്ചിരുന്നത്. യുവതിയെ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്നും ബന്ധുക്കൾ ആരോപിക്കുന്നു. 200 മീറ്റർ മാത്രം അകലെയുള്ള  ആശുപത്രിയിലേക്ക് അപകടം നടന്നു 10  മിനിറ്റിനു ശേഷമാണ് യുവതിയെ എത്തിച്ചത്. സംഭവം നടന്ന് 5 മിനിറ്റിനു ശേഷമാണു ബീനയെ പുറത്തേക്കു കൊണ്ടു പോകുന്നതെന്നു സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

വാതിലിന്റെ ഗ്ലാസിനു കനം കുറവായിയിരുന്നു എന്ന ആരോപണം പരിശോധിക്കുമെന്ന് ബാങ്ക് ഓഫ് ബറോഡ റീജനൽ മാനേജർ പറഞ്ഞു. അതേസമയം ബീനയെ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

ബാങ്കിൽനിന്ന് വേഗത്തിൽ ഇറങ്ങാനായി ചുമലു കൊണ്ട് തള്ളിത്തുറക്കുന്നതിനിടെ ചില്ലുവാതിൽ പൊട്ടിവീണ് വയറ്റിൽ കുത്തിക്കയറിയാണ് അപകടമുണ്ടായത്. വയറിന്റെ ഇടതുഭാഗത്ത് വലിയ ചില്ലുകഷണം ആഴത്തിൽ തുളഞ്ഞുകയറി. അമിതമായി രക്തം വാർന്നതാണ് മരണ കാരണം. ബാങ്കിൽ പണമിടപാടിനുള്ള ഫോം പൂരിപ്പിക്കുന്നതിനിടെയാണ് വണ്ടിയിൽനിന്ന് താക്കോൽ എടുത്തില്ലെന്ന കാര്യം ഓർത്തത്. താക്കോൽ എടുക്കാൻ ധൃതിയിൽ പുറത്തേക്കിറങ്ങുമ്പോഴാണ് അപകടം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com