വന്ദേഭാരത് മിഷനിലും കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് വേണം, റാപ്പിഡ് ടെസ്റ്റ് മതിയെന്ന് മന്ത്രിസഭാ യോഗം

ആയിരം രൂപ നിരക്കുള്ള റാപ്പിഡ് ടെസ്റ്റ് നടത്തിയാലും മതിയെന്നാണ് മന്ത്രിസഭാ യോഗ തീരുമാനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വന്ദേഭാരത് മിഷന്‍ വഴി ഉള്‍പ്പെടെ സംസ്ഥാനത്തേക്കു വരുന്ന പ്രവാസികള്‍ക്കു കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്കു കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിന് എതിരെ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ്, വന്ദേഭാരത് മിഷനിനും ഇതു ബാധകമാക്കിയുള്ള തീരുമാനം. ആയിരം രൂപ നിരക്കുള്ള റാപ്പിഡ് ടെസ്റ്റ് നടത്തിയാലും മതിയെന്നാണ് മന്ത്രിസഭാ യോഗ തീരുമാനം.

കോവിഡ് ഉള്ളവരും ഇല്ലാത്തവരും ഒരേ വിമാനത്തില്‍ വരുന്നത് രോഗവ്യാപനത്തിന് ഇടയാക്കും എന്നു ചൂണ്ടിക്കാട്ടിയാണ് ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇതു പ്രായോഗികമല്ലെന്ന് പ്രവാസി സംഘടനടകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ടെസ്റ്റ് നടത്താന്‍ സൗകര്യം ഒരുക്കാതെ അതു നിര്‍ബന്ധമാക്കുന്നത് പ്രവാസികളോടു ചെയ്യുന്ന ക്രൂരതയാണെന്നായിരുന്നു വിമര്‍ശനം.

വന്ദേ ഭാരത് മിഷന്‍ കേന്ദ്ര സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലാണ് നടത്തുന്നത് എന്നതിനാല്‍, ഇതുവരെ കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലായിരുന്നു. മിഷന്‍ വഴി വരുന്നവര്‍ക്കും കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കണമെന്ന് നേരത്തെ കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം അംഗീകരിച്ചിട്ടില്ല.

കോവിഡ് ഉള്ളവരെയും ഇല്ലാത്തവരെയും പ്രത്യേകം വിമാനത്തില്‍ സംസ്ഥാനത്തേക്കു കൊണ്ടുവരണം എന്നാണ് കേരളത്തിന്റെ നിലപാട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനുള്ള തീരുമാനം. വിമാനത്താവളങ്ങളില്‍ നടത്തുന്ന ട്രൂ നാറ്റ് റാപ്പിഡ് ടെസ്റ്റ് മതിയെന്നാണ് മന്ത്രിസാഭാ യോഗം നിര്‍ദേശിക്കുന്നത്. പരിശോധനയ്ക്കു എംബസികള്‍ സൗകര്യം ഒരുക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com