രാജകുമാരി എന്നും റാണി എന്നും വിളിച്ചതില്‍ എന്താണ് തെറ്റ് ?; ശൈലജയ്‌ക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നു, തിരുത്തില്ലെന്ന് മുല്ലപ്പള്ളി

പ്രദേശത്തെ കോണ്‍ഗ്രസ് നേതാവിന്റെ ഫോണില്‍ നിന്നാണ് അന്ന് വടകര എംപിയായിരുന്ന താന്‍, സജീഷിനെ വിളിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രസ്താവനയില്‍ മാപ്പുപറയുകയോ ഖേദം പ്രകടിപ്പിക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. രാജകുമാരി എന്നും റാണി എന്നും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. അത് തിരുത്താനില്ല.

കോവിഡ് രോഗം പടര്‍ന്ന കാലത്ത് 42 ഓളം വിദേശ മാധ്യമങ്ങളിലാണ് ലേഖനം വന്നത്. ലണ്ടനിലെ ഒരു പത്രം റോക്കിംഗ് ഡാന്‍സര്‍ എന്നാണ് വിശേഷിപ്പിച്ചത്. ഇത് പോസിറ്റീവ് ആണെങ്കില്‍, റാണി, രാജകുമാരി എന്നു വിളിച്ചതില്‍ എന്താണ് തെറ്റുള്ളത്. താന്‍ ആരെയും വേദനിപ്പിക്കുകയോ ആക്ഷേപിക്കുകയോ ചെയ്തിട്ടില്ല.

തന്റെ പ്രസ്താവനയുടെ ഒരു ഭാഗം മാത്രമെടുത്ത് തെറ്റായി വളച്ചൊടിക്കുകയായിരുന്നു.സ്ത്രീകളെ അപമാനിക്കുന്ന പാരമ്പര്യം തനിക്കില്ല. സ്ത്രീകളെ ഏറ്റവും അധികം ബഹുമാനിക്കുന്ന വ്യക്തിയാണ് താന്‍. താന്‍ ആരെയും ആക്ഷേപിച്ചിട്ടില്ല എന്നും മുല്ലപ്പള്ളി പറഞ്ഞു.

താന്‍ വിളിച്ചില്ലെന്ന സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷിന്റെ വാദം തെറ്റാണ്. പ്രദേശത്തെ കോണ്‍ഗ്രസ് നേതാവിന്റെ ഫോണില്‍ നിന്നാണ് അന്ന് വടകര എംപിയായിരുന്ന താന്‍, സജീഷിനെ വിളിച്ചത്. എന്നെ ആദ്യം വിളിക്കുന്ന പൊതുപ്രവര്‍ത്തകനാണ് നിങ്ങളെന്നാണ് അന്ന് ആ ചെറുപ്പക്കാരന്‍ പറഞ്ഞത്. നിപ പ്രതിരോധത്തിന്റെ ക്രെഡിറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ്. അക്കാര്യമാണ് താന്‍ സൂചിപ്പിച്ചത്. ഇത് തട്ടിയെടുക്കാന്‍ ആര്‍ക്കും അവകാശമില്ല.

1984 മുതല്‍ ജില്ലാ കളക്ടര്‍മാര്‍ വിളിക്കുന്ന യോഗത്തില്‍ താന്‍ പങ്കെടുക്കാറില്ല. എംപിമാര്‍ കളക്ടറേക്കാള്‍ പ്രോട്ടോക്കോള്‍ പ്രകാരം മുകളിലാണെന്ന് വിശ്വസിക്കുന്നയാളാണ് താന്‍. എന്നാല്‍ നിപ സമയത്ത് കളക്ടര്‍ വിളിച്ച യോഗത്തില്‍ ആദ്യം എത്തിയ പൊതുപ്രവര്‍ത്തകനാണ് താന്‍. അന്ന് ആരോഗ്യമന്ത്രിയെ കൂടാതെ സ്ഥലത്തെ എംഎല്‍എയും മന്ത്രിയുമായ ടിപി രാമകൃഷ്ണനും യോഗത്തിലുണ്ടായിരുന്നു. ദുര്‍ബലയായ മന്ത്രി ചെയ്ത പ്രവര്‍ത്തനം പോലും ശൈലജ നടത്തിയിട്ടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com