ജില്ലാ ജഡ്ജിമാരെ തള്ളി, സിപിഎം നോമിനി അഡ്വ. കെ വി മനോജ്കുമാര്‍ ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍

നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആക്ഷേപങ്ങള്‍ മന്ത്രിസഭായോഗം തള്ളിക്കളഞ്ഞു
ജില്ലാ ജഡ്ജിമാരെ തള്ളി, സിപിഎം നോമിനി അഡ്വ. കെ വി മനോജ്കുമാര്‍ ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍

തിരുവനന്തപുരം : സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അധ്യക്ഷനായി അഡ്വ. കെ വി മനോജ്കുമാറിനെ നിയമിച്ചു. പട്ടികയിലുണ്ടായിരുന്ന രണ്ട് ജില്ലാ ജഡ്ജിമാരെ മറികടന്നാണ് സിപിഎം നോമിനിയായ മനോജ് കുമാറിന് നിയമനം നല്‍കിയത്.

അധ്യക്ഷസ്ഥാനത്തേക്കുള്ള നിയമനത്തില്‍ മാനദണ്ഡത്തില്‍ ഇളവു നല്‍കിയെന്ന ആക്ഷേപം നിലനില്‍ക്കെയാണ് തീരുമാനം. നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആക്ഷേപങ്ങള്‍ മന്ത്രിസഭായോഗം തള്ളിക്കളഞ്ഞു.

തലശ്ശേരി ബ്രണ്ണന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പിടിഎ അംഗമായിരുന്നു എന്നതാണ് നിയമനത്തിന് പരിഗണിച്ചത്. 27 അംഗ പട്ടികയില്‍ യോഗ്യതയില്‍ ഏറ്റവും പിന്നിലായിരുന്നു മനോജ്കുമാര്‍. കാസര്‍കോഡ് ജില്ലാ ജഡ്ജി എസ്എച്ച് പഞ്ചാപകേശന്‍, തലശ്ശേരി ജില്ലാ ജഡ്ജി ഇന്ദിര എന്നിവരെയാണ് മറികടന്നത്.

സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ബാലാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് അഭിമുഖം നടത്തിയത്. കുട്ടികളുടെ പ്രവര്‍ത്തനമേഖലകളില്‍ 10 വര്‍ഷത്തെ പ്രവര്‍ത്തനപരിചയം, ദേശീയ -അന്താരാഷ്ട്ര അംഗീകാരങ്ങള്‍ തുടങ്ങിയവയാണ് നേരത്തെ ബാലാവകാശ കമ്മീഷന്‍ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന യോഗ്യത.

ചീഫ് സെക്രട്ടറി റാങ്കില്‍ ശമ്പളം ലഭിക്കുന്ന അര്‍ധ ജുഡീഷ്യല്‍ അധികാരങ്ങളുള്ള പദവിയാണ് ബാലാവകാശ കമ്മീഷന്റേത്. തലശ്ശേരി ബാറിലെ അഭിഭാഷകനാണ് കെ വി മനോജ് കുമാര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com