ഉയര്‍ന്ന ഭരണ ചെലവ്; ക്ഷേമനിധി ബോര്‍ഡുകള്‍ 16ല്‍ നിന്ന് 11 ആക്കി

തൊഴില്‍ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന 16 ക്ഷേമനിധി ബോര്‍ഡുകള്‍ 11 ആയി കുറയ്ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഉയര്‍ന്ന ഭരണ ചെലവ്; ക്ഷേമനിധി ബോര്‍ഡുകള്‍ 16ല്‍ നിന്ന് 11 ആക്കി

തിരുവനന്തപുരം: തൊഴില്‍ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന 16 ക്ഷേമനിധി ബോര്‍ഡുകള്‍ 11 ആയി കുറയ്ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.കേള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുമായും  ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഷോപ്പ്‌സ് ആന്റ് കോമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡുമായും സംയോജിപ്പിക്കും.

കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡും ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡും ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡുമായി ചേര്‍ക്കും. ബീഡി ആന്റ് സിഗാര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡുമായുമാണ് സംയോജിപ്പിക്കുക.

ഉയര്‍ന്ന ഭരണച്ചെലവ് കാരണം മിക്ക ക്ഷേമനിധി ബോര്‍ഡുകളും സാമ്പത്തിക പ്രതിസന്ധിയിലാണ്. പല ബോര്‍ഡുകളുടെയും നിലനില്‍പ്പ് തന്നെ പ്രയാസമായിട്ടുണ്ട്. ബോര്‍ഡുകളില്‍ അംഗമായ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തിക്കൊണ്ട് എണ്ണം കുറയ്‌ക്കേണ്ടതു അനിവാര്യമായിരിക്കുകയാണ്.

ഈ പ്രശ്‌നം പഠിക്കാന്‍ ലേബര്‍ കമീഷണര്‍ അധ്യക്ഷനായി തൊഴിലാളി സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സബ്കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശുപാര്‍ശ പരിഗണിച്ചാണ് 16 ബോര്‍ഡുകള്‍ 11 ആയി കുറയ്ക്കാന്‍ തീരുമാനിച്ചത്. ഇതു പ്രാവര്‍ത്തികമാക്കുന്നതിന് നിയമനിര്‍മാണം നടത്താനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com