മടങ്ങിവരുന്ന പ്രവാസികള്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം : നിയോജകമണ്ഡലങ്ങളിൽ ഇന്ന്  യുഡിഎഫ് ധർണ്ണ

ധര്‍ണ്ണയുടെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും
മടങ്ങിവരുന്ന പ്രവാസികള്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം : നിയോജകമണ്ഡലങ്ങളിൽ ഇന്ന്  യുഡിഎഫ് ധർണ്ണ

തിരുവനന്തപുരം : കോവിഡിനെ തുടർന്ന് പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളിൽ അടിയന്തര നടപടികൾ ആവശ്യപ്പെട്ട്  യുഡിഎഫ് ഇന്ന് നിയോജകമണ്ഡല അടിസ്ഥാനത്തിൽ ധർണ്ണ നടത്തും. മടങ്ങിവരുന്ന പ്രവാസികള്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ്ണ. ധര്‍ണ്ണയുടെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരും ധർണ്ണയിൽ പങ്കെടുക്കും. ഗള്‍ഫ് നാടുകളില്‍ നിന്ന് മടങ്ങിവരുന്നതിന് പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തുക,. സര്‍ക്കാര്‍ പ്രഖാപിച്ച 5000 രൂപ എത്രയുംപെട്ടെന്ന് നല്‍കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

അതേസമയം പ്രവാസികളുടെ നാട്ടിലേക്ക് മടങ്ങിവരുന്നതിനുള്ള നിബന്ധനകൾ ഇന്ന് മുതൽ നിലവിൽ വരും. സൗദി അറേബ്യയിൽ നിന്നും വരുന്നവർക്ക് പിപിഇ കിറ്റ് വേണം. ബഹ്റിനിൽ നിന്നും ഒമാനിൽ നിന്നും വരുന്നവർക്ക് എൻ 95 മാസ്ക്കും കയ്യുറയും ഫെയ്സ് മാസ്ക്കുമാണ് നിർബന്ധമാക്കിയത്.

എല്ലാ രാജ്യങ്ങളിൽ നിന്നും വരുന്നവർ എൻ 95 മാസ്ക്കും ഫെയ്സ് ഷീൽഡും കയ്യുറയും ധരിക്കണം. ആന്‍റിബോഡി പരിശോധന നിലവിൽ ഉള്ള യുഎഇയിൽ നിന്നും വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. കുവൈറ്റിൽ നിന്നും പരിശോധന ഇല്ലാതെ വരുന്നവർ പിപിഇ കിറ്റ് ധരിക്കണം. ഖത്തറിൽ നിന്നുള്ളവർക്ക് എഹ്ത്രാസ് മൊബൈൽ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ആയിരിക്കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com