ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത കേസില്‍ മുഖ്യ പ്രതി പിടിയില്‍, കാര്‍ കണ്ടെടുത്തു

കൊച്ചിയില്‍ നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചവര്‍ ഉള്‍പ്പെട്ട മനുഷ്യക്കടത്ത് കേസിലെ  മുഖ്യ ആസൂത്രകന്‍ പിടിയില്‍
ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത കേസില്‍ മുഖ്യ പ്രതി പിടിയില്‍, കാര്‍ കണ്ടെടുത്തു

കൊച്ചി: കൊച്ചിയില്‍ നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചവര്‍ ഉള്‍പ്പെട്ട മനുഷ്യക്കടത്ത് കേസിലെ  മുഖ്യ ആസൂത്രകന്‍ പിടിയില്‍. പാലക്കാട് സ്വദേശി ഷെരീഫിനെയാണ് പുലര്‍ച്ചെ കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.പരസ്യം കൊടുത്ത് പെണ്‍കുട്ടികളെ വിളിച്ചുവരുത്തിയത് മുഹമ്മദ് ഷെരീഫാണെന്ന് പൊലീസ് പറയുന്നു.  കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നാണ് സൂചന. ഇക്കാര്യങ്ങളെല്ലാം പൊലീസ് അന്വേഷിച്ചുവരികയാണ്. പ്രതികള്‍ ഉപയോഗിച്ചിരുന്ന കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കേസില്‍ തുടക്കത്തില്‍ നാലു പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇതിന് പുറമേ ഇന്നലെ അബൂബക്കറിനെയും അബ്ദുള്‍ സലാമിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വാടാനപ്പളളി സ്വദേശിയാണ് അബൂബക്കര്‍. വരന്റെ പിതാവിന്റെ വേഷത്തില്‍ ഷംനയുടെ വീട്ടില്‍ എത്തിയത് അബൂബക്കറാണ്.  ഇന്നലെ രാവിലെ കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോഴാണ് അബ്ദുള്‍ സലാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ ഷംന കാസിമിന് പുറമേ മറ്റു മൂന്ന് പെണ്‍കുട്ടികളുടെ പരാതിയിലും കൂടി കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ ആരും ലൈംഗിക ചൂഷണം നടത്തിയതായി  പരാതി നല്‍കിയിട്ടില്ലെന്ന് ഡിസിപി ജി പൂങ്കുഴലി മാധ്യമങ്ങളോട് പറഞ്ഞു.

കേസിലെ മുഖ്യപ്രതി റെഫീഖ് ഉള്‍പ്പടെയുള്ളവരെ കഴിഞ്ഞ ദിവസം ജില്ലാ കോടതി അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇവരെ ചോദ്യം ചെയ്യുന്നത് പൊലീസ് തുടരുകയാണ്. കൂടുതല്‍ പെണ്‍കുട്ടികളെ പ്രതികള്‍ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടോ, നടി ഷംന കാസിമിനെ കല്ല്യാണ തട്ടിപ്പില്‍ പെടുത്തിയതിലുള്ള പണമിടപാട് ബന്ധങ്ങളെ കുറിച്ചും ഇന്നത്തെ ചോദ്യം ചെയ്യലില്‍ പൊലീസ് വ്യക്തത വരുത്തും. സ്വര്‍ണ്ണക്കടത്ത് ആരോപണങ്ങളിലും പ്രതികളെ ചോദ്യം ചെയ്യും.

കേസില്‍ നാല് പ്രതികളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂര്‍ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റുവ സ്വദേശി അഷ്‌റഫ് എന്നിവരാണ് നേരത്തെ പിടിയിലായത്. മരടിലെ നടിയുടെ വീട്ടിലെത്തിയ സംഘം, വീടും പരിസരവും വീഡിയോയില്‍ പകര്‍ത്തിയ ശേഷം പണം തന്നില്ലെങ്കില്‍ കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com