ജീവനൊടുക്കുമെന്ന് പ്രതിയുടെ മൊബൈലിലേക്ക് സന്ദേശം ; 15 കാരി പീഡനത്തിനിരയായത് മൂന്നുവര്‍ഷം ; ക്രൂരത പുറത്തെത്തിച്ചത് വനിതാ പൊലീസുകാരിയുടെ തന്ത്രപൂര്‍വ്വമായ ഇടപെടല്‍

ജീവനൊടുക്കുമെന്ന് പ്രതിയുടെ മൊബൈലിലേക്ക് സന്ദേശം ; 15 കാരി പീഡനത്തിനിരയായത് മൂന്നുവര്‍ഷം ; ക്രൂരത പുറത്തെത്തിച്ചത് വനിതാ പൊലീസുകാരിയുടെ തന്ത്രപൂര്‍വ്വമായ ഇടപെടല്‍

കുട്ടിക്ക് നാല് വയസ്സുള്ളപ്പോള്‍ അമ്മ വീടുവിട്ടുപോയി. തുടര്‍ന്ന് രോഗിയായ വല്യമ്മയുടെ സംരക്ഷണയിലായിരുന്നു കുട്ടി

കോട്ടയം: മുണ്ടക്കയം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറുടെ ഇടപെടലാണ് പതിനഞ്ചുകാരിയുടെ പീഡനം പുറത്തുവരാന്‍ ഇടയാക്കിയത്. വനിതാ പോലീസ് നടത്തിയ കൗണ്‍സലിങ്ങിലൂടെയാണ് പതിനഞ്ചുകാരിയെ മൂന്നുവര്‍ഷമായി നാല് യുവാക്കള്‍ ലൈംഗികമായി ഉപദ്രവിച്ച സംഭവം പുറത്തുവന്നത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ എന്‍ ജി പ്രിയയാണ് പെണ്‍കുട്ടിയെ അനുനയിപ്പിച്ച് വിവരശേഖരണം നടത്തിയത്.

ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി വീട്ടിലെത്തിയ ശേഷമായിരുന്നു മൊഴിയെടുത്തത്. കുട്ടിക്ക് നാല് വയസ്സുള്ളപ്പോള്‍ അമ്മ വീടുവിട്ടുപോയി. തുടര്‍ന്ന് രോഗിയായ വല്യമ്മയുടെ സംരക്ഷണയിലായിരുന്നു കുട്ടി. അച്ഛന്‍ മറ്റൊരു വിവാഹംകഴിച്ച് പത്തനംതിട്ടയിലാണ് താമസം. വല്യമ്മയുടെ ഫോണിലൂടെയായിരുന്നു കുട്ടി സുഹൃത്തുക്കളുമായി ബന്ധപ്പെട്ടിരുന്നത്.

ഓണ്‍ലൈന്‍ പഠനാവശ്യത്തിനായി അച്ഛന്‍ പുതിയ ആന്‍ഡ്രോയ്ഡ് ഫോണ്‍ വാങ്ങി നല്‍കിയിട്ട് അധികം കാലമായില്ല.
ഈ ഫോണ്‍ പൊലീസ് പരിശോധിച്ചപ്പോഴാണ് കുട്ടി പലരുമായി വീഡിയോ ചാറ്റിങ് നടത്തിയത് കണ്ടെത്തുന്നത്. തുടര്‍ന്ന് അന്വേഷണത്തിനായി സി ഐ ഷിബുകുമാര്‍ പൊലീസുകാരി പ്രിയയെ ചുമതലപ്പെടുത്തി. ആദ്യം പിടികൊടുക്കാതിരുന്ന പെണ്‍കുട്ടി പിന്നീട് കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു.

ശാരീരിക പരിശോധന നടത്തിയ ഡോക്ടര്‍ വിവരങ്ങള്‍ പറഞ്ഞതായി അറിയിച്ചതോടെയാണ് ചെറിയ ക്ലാസുമുതല്‍ ലൈംഗിക അതിക്രമത്തിന് കുട്ടി ഇരയായ ഞെട്ടിക്കുന്ന വിവരം വെളിപ്പെട്ടത്. 12-ാം വയസ്സിലാണ് പെണ്‍കുട്ടിയെ ആദ്യമായി പീഡിപ്പിക്കുന്നത്. രാഹുല്‍ രാജ് പാഞ്ചാലിമേട്ടില്‍ വെച്ച് ഒരു തവണയും പെണ്‍കുട്ടിയുടെ വീട്ടില്‍വച്ചു പലതവണയും ഉപദ്രവിച്ചു. മഹേഷ് രണ്ടാനമ്മയുടെ വീടിന് സമീപത്തെ സ്വന്തം വീട്ടില്‍വച്ചും കുട്ടിയെ ഉപദ്രവിച്ചു. മൂന്നാമത്തെ പ്രതിയായ അനന്ദു മടുക്കയിലെ വീട്ടില്‍ വിളിച്ചുവരുത്തി ഉപദ്രവിച്ചു.

കഴിഞ്ഞദിവസം പ്രതികളിലൊരാളായ അജിത്തും ആത്മഹത്യാശ്രമം നടത്തിയ മറ്റൊരു പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തുംകൂടി കുഴിമാവിന് സമീപമുള്ള കണ്ടന്‍കയത്ത് പെണ്‍കുട്ടികളെയുമായി പോയി തിരികെ വന്നു. ഇത് കണ്ട ഒരു സ്ത്രീ പെണ്‍കുട്ടികളെ ചോദ്യംചെയ്തു. അപ്പോള്‍ പുസ്തകം കൈമാറുവാന്‍ എത്തിയതാണെന്നും ഉടന്‍ മടങ്ങുമെന്നും പറഞ്ഞു. പുസ്തകം എവിടെയെന്ന ചോദ്യത്തിന് മറുപടിയില്ലായിരുന്നു. വിവരം വല്യമ്മയോട് പറയുമെന്ന് പറഞ്ഞതോടെ ഭയന്ന പെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് പെണ്‍കുട്ടികള്‍ മണിമലയാറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വെള്ളനാടി പാലത്തിന്റെ കൈവരിയില്‍ കയറിയ ഇരുവരും ഷാള്‍ കൊണ്ട് പരസ്പരം കെട്ടിയശേഷം മണിമലയാറ്റിലേക്ക് ചാടുകയായിരുന്നു. ജീവനൊടുക്കുമെന്ന വിവരം പ്രതികളുടെ മൊബൈല്‍ ഫോണുകളിലേക്കു പെണ്‍കുട്ടി അയച്ചിരുന്നതായി ഡിവൈഎസ്പി സന്തോഷ് പറഞ്ഞു. പ്രതികളിലൊരാള്‍ ഒളിവിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com