വിദ്യാര്‍ഥിയുടെ ആത്മഹത്യ; മലബാര്‍ ക്രിസ്ത്യന്‍ കോളജില അധ്യാപകന് നിര്‍ബന്ധിത അവധി

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 06th March 2020 04:40 PM  |  

Last Updated: 06th March 2020 04:40 PM  |   A+A-   |  

 

കോഴിക്കോട്:ഹാജര്‍ കുറവായതിന്റെ പേരില്‍ പരീക്ഷയെഴുതാന്‍ കഴിയാതെ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മലബാര്‍ ക്രിസ്ത്യന്‍ കോളജിലെ ആരോപണവിധേയനായ അധ്യാപകന് നിര്‍ബന്ധിത അവധി. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇന്ന് ചേര്‍ന്ന അടിയന്തര പിടിഎ യോഗത്തിന് ശേഷമാണ് പ്രിന്‍സിപ്പലിന്റെ പ്രതികരണം.

പിടിഎ യോഗത്തില്‍ പ്രിന്‍സിപ്പലിനെതിരെയും രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. ഹാജര്‍ സംബന്ധിച്ച് ജസ്പ്രീതിന്റെ മാതാപിതാക്കള്‍ അധ്യാപകനെ വന്ന് കണ്ടിരുന്നു. ഇക്കാര്യത്തില്‍ അധ്യാപകന്‍ സ്വീകരിച്ച നിലപാട് സ്ഥാപനത്തിന്റെ അന്തസ്സിന് യോജിച്ചതായിരുന്നില്ലെന്ന് പ്രിന്‍സിപ്പല്‍ യോഗത്തില്‍ വ്യക്തമാക്കി. കുറ്റം തെളിയിക്കപ്പെട്ടാല്‍ അധ്യാപകനെതിരെ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

വിദ്യാര്‍ഥിയുടെ ആത്മഹത്യക്ക് പിന്നാലെ പ്രിന്‍സിപ്പലിനെതിരെ വിമര്‍ശനവുമായി ജസ്പ്രീത് സിങിന്റെ മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു.  മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടും ഹാജര്‍ നല്‍കാന്‍ പ്രിന്‍സിപ്പല്‍ തയ്യാറായില്ല. അദ്ദേഹത്തിന്റെ കാലുപിടിച്ചപേക്ഷിച്ചിട്ടും കേള്‍ക്കാന്‍ പോലും തയ്യാറായില്ലെന്നായിരുന്നു മാതാപിതാക്കളുടെ ആരോപണം. കുട്ടിയുടെ ശവസംസ്‌കാര ചടങ്ങില്‍ നിന്നും കോളജ് അധ്യാപകര്‍ വിട്ടുനിന്നിരുന്നു. 

മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ ഇക്കണോമിക്‌സ് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും ഉത്തര്‍പ്രദേശ് ബിജ്‌നോര്‍ ജില്ലയിലെ ഹല്‍ദ്വാര്‍ സ്വദേശിയുമായ ജസ്പ്രീത് സിങ് (21)നെ ഞായറാഴ്ചയാണ് ഫഌറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹാജര്‍ കുറവായതിനെതുടര്‍ന്ന് അവസാന വര്‍ഷ പരീക്ഷ എഴുതാന്‍ കഴിയാത്ത മനോവിഷമത്തിലായിരുന്നു ജസ്പ്രീത് സിങ്. ഹോട്ടല്‍ ബിസിനസ്സുമായി ബന്ധപ്പെട്ടാണ് ജസ്പ്രീതിന്റെ കുടുംബം കോഴിക്കോട്ട് താമസമാക്കിയത്.