അര്‍ധസത്യങ്ങള്‍ പ്രചരിപ്പിക്കരുത്; സെന്‍കുമാറിന് ആരോഗ്യമന്ത്രിയുടെ  താക്കീത്

കോവിഡ് 19 രോഗബാധ മനുഷ്യരാശിക്ക് ഭീഷണിയായി നിലനില്‍ക്കുമ്പോള്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ക്ക് മുതിരരുതെന്ന് ടി പി സെന്‍കുമാറിനോട് ആരോഗ്യ മന്ത്രി കെ കെ ശൈലജ
അര്‍ധസത്യങ്ങള്‍ പ്രചരിപ്പിക്കരുത്; സെന്‍കുമാറിന് ആരോഗ്യമന്ത്രിയുടെ  താക്കീത്

തിരുവനനന്തപുരം: കോവിഡ് 19 രോഗബാധ മനുഷ്യരാശിക്ക് ഭീഷണിയായി നിലനില്‍ക്കുമ്പോള്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ക്ക് മുതിരരുതെന്ന് ടി പി സെന്‍കുമാറിനോട് ആരോഗ്യ മന്ത്രി കെ കെ ശൈലജ. ചൂടുള്ള പ്രദേശങ്ങളില്‍ കൊറോണ വ്യാപിക്കില്ലെന്ന ടി പി സെന്‍കുമാറിന്റെ പരാമര്‍ശം മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു മന്ത്രിയുടെ മറുപടി. ചൂടുള്ള പ്രദേശങ്ങളില്‍ കൊറോണ വൈറസ് ഉണ്ടാകില്ലെന്നതിന് യാതൊരു സ്ഥിരീകരണവും നിലവിലില്ല. ടി പി സെന്‍കുമാര്‍ ആരോഗ്യ വിദഗ്ധനല്ലല്ലോ എന്നും മന്ത്രി ചോദിച്ചു. 

ഉത്തരവാദിത്തപ്പെട്ട പദവിയില്‍ ഇരുന്ന ആളെന്ന നിലക്ക് അറിവുകളോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കാം. അത് അര്‍ഹിക്കുന്ന ഗൗരവത്തോടെ തന്നെ പരിഗണിക്കും. അല്ലാതെ അര്‍ധസത്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഒരുങ്ങരുതെന്നും ടി പി സെന്‍കുമാറിനെ ആരോഗ്യ മന്ത്രി ഓര്‍മ്മിപ്പിച്ചു. 

ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ടായിരുന്നു സെന്‍കുമാറിന്റെ പരാമര്‍ശം. 'കോവിഡ് 19 വൈറസ് 27 ഡിഗ്രി സെന്റീഗ്രേഡ് വരയേ നിലനില്‍ക്കു. കൊറോണയുള്ള ഒരാളുടെ സ്രവം നല്‍കിയില്ലെങ്കില്‍ അത് ഇവിടുത്തെ ചൂടില്‍ ആര്‍ക്കും ബാധിക്കില്ല. കേരളത്തില്‍ ചൂട് 32 ഡിഗ്രി സെന്റീഗ്രേഡ് ആണ്. പൊങ്കാല സമയം അതിലേറെ. ഒരു കോവിഡ് 19നും എത്തില്ല' എന്നായിരുന്നു സെന്‍കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com