ആനയ്ക്കും റൂട്ട് കനാല്‍!; ഇനി കടുത്ത വേദനയില്ല, ശങ്കരംകുളങ്ങര ഉദയന് ആശ്വാസം

ആനയ്ക്കും റൂട്ട് കനാല്‍ ചികിത്സ! പൂങ്കുന്നം ശങ്കരംകുളങ്ങര ഉദയന്‍ എന്ന കൊമ്പനാണ് റൂട്ട് കനാല്‍ നടത്തിയത്
ആനയ്ക്കും റൂട്ട് കനാല്‍!; ഇനി കടുത്ത വേദനയില്ല, ശങ്കരംകുളങ്ങര ഉദയന് ആശ്വാസം

തൃശൂര്‍: ആനയ്ക്കും റൂട്ട് കനാല്‍ ചികിത്സ! പൂങ്കുന്നം ശങ്കരംകുളങ്ങര ഉദയന്‍ എന്ന കൊമ്പനാണ് റൂട്ട് കനാല്‍ നടത്തിയത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് എവിടെയോ ഇടിച്ച് കൊമ്പിനുണ്ടായ ക്ഷതത്തിലൂടെ വളര്‍ന്നു വന്ന മാംസം എടുത്തുമാറ്റിയാണ് ചികിത്സ നടത്തിയത്.

കേരളത്തില്‍ ആനയ്ക്കുള്ള ആദ്യത്തെ റൂട്ട് കനാലായിരിക്കാം ഇതെന്നാണ് ചികിത്സയ്ക്കു നേതൃത്വം നല്‍കിയ ഡോ. പി ബി ഗിരിദാസിന്റെ അഭിപ്രായം. കോഴിക്കോട് കടലുണ്ടി സ്വദേശിയായ ദന്ത ചികിത്സകന്‍ സി കെ ജെറീഷിന്റെ സഹായത്തോടെയായിരുന്നു ഉദയന്റെ വലതു കൊമ്പില്‍ ചികിത്സ നടത്തിയത്. രേഖയനുസരിച്ച് 50 വയസ്സുണ്ട് ശങ്കരംകുളങ്ങര ഉദയന്. മൈസൂരുവില്‍ നിന്ന് 90കളില്‍ കേരളത്തിലേക്ക് കൊണ്ടുവന്നതാണ്.

ദേവസ്വം വാങ്ങിക്കുന്ന സമയത്തു തന്നെ കൊമ്പിനു ക്ഷതം സംഭവിച്ചിരുന്നു. കൊമ്പ് തൂങ്ങി വേദന അസഹ്യമായത് 2 വര്‍ഷം മുന്‍പാണ്. കൊമ്പില്‍ കാത്സ്യം നഷ്ടപ്പെട്ട ഭാഗത്തു മാംസം വളരുന്നതായി കണ്ടെത്തി. ആറു മാസം മുന്‍പ് ആന ചികിത്സാ കേന്ദ്രത്തിലെ ഡോക്ടര്‍ ഗിരിദാസ് തന്നെ അതു നീക്കുകയും ചെയ്തിരുന്നു. അര കിലോഗ്രാം വരെ തൂക്കം വരുന്ന മാംസമായിരുന്നു ഇത്. പിന്നീടും ആ വിടവില്‍ മാംസ വളര്‍ച്ച കണ്ടെത്തിയത് ഒരു മാസം മുന്‍പാണു നീക്കിയത്. കൊമ്പിലെ വിടവ് മരുന്ന് ഉപയോഗിച്ച് അടയ്ക്കാന്‍ തീരുമാനിച്ചത് അങ്ങനെയാണ്. വെള്ളി സംസ്‌കരിച്ച് ഉണ്ടാക്കിയ തുണിയില്‍ മരുന്നു മിശ്രിതമാക്കി ചേര്‍ത്താണു വിടവില്‍ നിറച്ചിരിക്കുന്നത്.

ചികിത്സയ്ക്കു വേണ്ടി 2 മണിക്കൂറോളം സമയം ഉദയന്‍ കിടന്നുകൊടുത്തു. പാപ്പാന്‍ രാജന്‍ മുക്കൂട്ടുത്തറയുടെ സഹായത്തോടെയാണ് മരുന്നു നിറയ്ക്കല്‍ പൂര്‍ത്തിയാക്കിയത്. ഇനി ഉദയനു വിശ്രമകാലമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com