ഐഎഎസ് പ്രതിഷേധത്തിന് 'പുല്ലുവില', പ്രേംകുമാറിനെ സ്ഥലം മാറ്റി ഉത്തരവിറക്കി; അഡീഷണല്‍ ചീഫ് സെക്രട്ടറി വി വേണു അവധിയില്‍

സര്‍വേ ഡയറക്ടര്‍ വി ആര്‍ പ്രേംകുമാറിനെ സ്ഥലംമാറ്റിയതില്‍ പ്രതിഷേധിച്ച് റവന്യൂവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ വി വേണു അവധിയില്‍
ഐഎഎസ് പ്രതിഷേധത്തിന് 'പുല്ലുവില', പ്രേംകുമാറിനെ സ്ഥലം മാറ്റി ഉത്തരവിറക്കി; അഡീഷണല്‍ ചീഫ് സെക്രട്ടറി വി വേണു അവധിയില്‍

തിരുവനന്തപുരം: സര്‍വേ ഡയറക്ടര്‍ വി ആര്‍ പ്രേംകുമാറിനെ സ്ഥലംമാറ്റിയതില്‍ പ്രതിഷേധിച്ച് റവന്യൂവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ വി വേണു അവധിയില്‍. ചീഫ് സെക്രട്ടറിയെ കണ്ട് വേണു അവധിക്കത്ത് നല്‍കി. ഐഎഎസ് അസോസിയേഷന്റെ എതിര്‍പ്പ് തളളി സര്‍വേ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും പ്രേംകുമാറിനെ മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കിയതിന് പിന്നാലെയാണ് വേണു അവധിയില്‍ പ്രവേശിച്ചത്. 

പ്രേംകുമാറിനെ മാറ്റാനുളള സര്‍ക്കാര്‍ തീരുമാനം ഭരണതലത്തില്‍ വലിയ വിവാദമായിരുന്നു.റീ സര്‍വ്വേ നടപടികള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു സര്‍വ്വേ ഡയറക്ടറെ മാറ്റാന്‍ കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. എന്നാല്‍  റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി വേണുവിന്റെ എതിര്‍പ്പ് കാരണം ഉത്തരവ് ഇറക്കാതെ മാറ്റിവെക്കുകയായിരുന്നു. ഒരു കാരണവും ഇല്ലാതെയും തന്നെ അറിയിക്കാതെയും എടുത്ത തീരുമാനത്തില്‍ റവന്യു പ്രിന്‍സിപ്പില്‍ സെക്രട്ടറി വേണു കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. 

 സ്ഥലംമാറ്റം ചോദ്യം ചെയ്ത് വി വേണു ചീഫ് സെക്രട്ടറിക്ക് കുറിപ്പ് നല്‍കിയതോടെയാണ് വിഷയം ചര്‍ച്ചയായത്. യുവ ഐഎഎസ് ഉദ്യോഗസ്ഥരും പ്രേംകുമാറിനെ സ്ഥലംമാറ്റുന്നതിനെതിരെ പ്രതിഷേധിച്ചു.രണ്ട് വര്‍ഷമെങ്കിലും പൂര്‍ത്തിയാകാതെ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റരുതെന്ന് കാണിച്ച് ഐഎഎസ് അസോസിയേഷന്‍ പ്രമേയവും പാസ്സാക്കി. ഇതോടെ പ്രേംകുമാറിന്റെ സ്ഥലംമാറ്റ ഉത്തരവ് പുറത്തുവന്നിരുന്നില്ല. ഉത്തരവ് മരവിപ്പിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് പ്രേംകുമാറിനെ സ്ഥലംമാറ്റിയതും വേണു അവധിയില്‍ പ്രവേശിച്ചതും.

മന്ത്രിസഭാ യോഗ തീരുമാനത്തെ എതിര്‍ത്ത റവന്യു സെക്രട്ടറിയുടെ നടപടിയില്‍ ചില മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും കടുത്ത എതിര്‍പ്പുണ്ടായിരുന്നു. വൈകീട്ട് ചേരുന്ന മന്ത്രിസഭാ യോഗം പ്രശ്‌നം വീണ്ടും ചര്‍ച്ച ചെയ്യുമെന്ന സുചനയ്ക്കിടെയാണ് സ്ഥലം മാറ്റി ഉത്തരവിറക്കിയത്. പ്രേംകുമാറിന് പുതിയ നിയമനവും നല്‍കിയില്ല. ഗിരിജയാണ് പുതിയ സര്‍വ്വേ ഡയറക്ടര്‍. പ്രതിഷേധം അറിയിച്ച് കത്തയച്ച റവന്യു സെക്രട്ടറിക്കെതിരെ നടപടിയുണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com