ഓഫീസുകള്‍ കയറിയിറങ്ങണ്ട; അപേക്ഷകള്‍ വാട്‌സ് ആപ്പിലൂടെ നല്‍കാം; ആളുകള്‍ കൂടുന്നത് ഒഴിവാക്കാന്‍ നടപടി

ഓഫീസുകള്‍ കയറിയിറങ്ങണ്ട; അപേക്ഷകള്‍ വാട്‌സ് ആപ്പിലൂടെ നല്‍കാം; ആളുകള്‍ കൂടുന്നത് ഒഴിവാക്കാന്‍ നടപടി
ഓഫീസുകള്‍ കയറിയിറങ്ങണ്ട; അപേക്ഷകള്‍ വാട്‌സ് ആപ്പിലൂടെ നല്‍കാം; ആളുകള്‍ കൂടുന്നത് ഒഴിവാക്കാന്‍ നടപടി

തൃശൂര്‍: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പരസ്പര സമ്പര്‍ക്കം പരിമിതപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിരിക്കേ, പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനം തടസ്സപ്പെടാതിരിക്കാന്‍ ബദല്‍ സൗകര്യമൊരുക്കുകയാണ് തൃശൂര്‍ ജില്ലാ ഭരണകൂടം. വിവിധ ആവശ്യങ്ങള്‍ക്ക് ജില്ലാ കലക്ടറേയും റവന്യൂ ഉദ്യോഗസ്ഥരേയും സമീപിക്കേണ്ടിവരുന്നവര്‍ക്ക് അത്തരം ആവശ്യങ്ങള്‍ ഉന്നയിക്കാനും പരാതികള്‍ സമര്‍പ്പിക്കാനും നേരിട്ട് ഓഫീസുകള്‍ കയറേണ്ടതില്ല. പകരം, പ്രത്യേകമായി സജ്ജമാക്കുന്ന വാട്‌സ് ആപ്പ് നമ്പറുകളിലേക്കോ ഇമെയില്‍ വിലാസത്തിലേക്കോ ആവശ്യങ്ങളും പരാതികളും സന്ദേശമായി അയ്ക്കുന്നതിന് ജില്ലാ ഭരണകൂടം സൗകര്യമേര്‍പ്പെടുത്തി. 

കോവിഡ് ഭീതി മറികടക്കുന്നതുവരെയാണ് ഈ സൗകര്യം. കലക്ടറേറ്റിലും റവന്യൂ വകുപ്പിന്റെ ഓഫീസുകളിലും വിവിധ ആവശ്യങ്ങള്‍ക്ക് എത്തിച്ചേരുന്നവര്‍ തമ്മിലുളള പരസ്പര സമ്പര്‍ക്കം ഒഴിവാക്കുന്നതിനും രോഗവ്യാപന സാധ്യതയെ തടയുന്നതിനുമാണ് വാട്‌സ് ആപ്പ് സൗകര്യമൊരുക്കുന്നതെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു.

ജില്ലാ കലക്ടറുടേയും റവന്യു വകുപ്പിന്റെയും ഇടപെടലുകളും തുടര്‍നടപടികളും ആവശ്യമുളള കാര്യങ്ങളില്‍ ജനങ്ങളുടെ പരാതിയോ അപേക്ഷയോ വാട്‌സ് ആപ്പ് നമ്പറിലേക്ക് അയച്ചാല്‍ മതി. വീഡിയോകോള്‍ വഴിയും അറിയിക്കാം. ഇമെയിലായും അപേക്ഷകള്‍ നല്‍കാം. ഇവ നേരിട്ടുളള അപേക്ഷയായി കണക്കാക്കി അതില്‍ തുടര്‍നടപടി സ്വീകരിക്കും. അതേസമയം കോടതി നിര്‍ദ്ദേശപ്രകാരമുളള ഹിയറിങ് കേസുകളില്‍ നേരിട്ട് ഹാജരാകേണ്ടി വരും. 

ജില്ലാ കലക്ടര്‍, ഇരിങ്ങാലക്കുട, തൃശൂര്‍ ആര്‍ഡിഒമാര്‍, എഴ് തഹസില്‍ദാര്‍മാര്‍ എന്നിവര്‍ക്കാണ് ഇപ്രകാരം അപേക്ഷകള്‍ നല്‍കാന്‍ കഴിയുക. നേരിട്ട് അപേക്ഷകള്‍ സ്വീകരിക്കുന്നതിന് ജില്ലാ കലക്ടറും റവന്യൂ ഉദ്യോഗസ്ഥരും എപ്പോഴും സന്നദ്ധരാണെങ്കിലും പൊതുജനങ്ങളുടെ സൗകര്യം കണക്കിലെടുത്താണ് സാമൂഹ്യമാധ്യമ വേദിയെ ഉപയോഗിക്കുന്നത്. രോഗഭീതി ഒഴിയുന്നതുവരെ ആള്‍ക്കൂട്ടങ്ങളും പരസ്പരമുളള ഇടപെടലുകളും കഴിയാവുന്നത്ര പരിമിതപ്പെടുത്തുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജില്ലാ കലക്ടര്‍ക്ക് അപേക്ഷകൾ അയക്കേണ്ട വാട്‌സ് ആപ്പ് നമ്പർ: 9400044644. ഇ-മെയിൽ വിലാസങ്ങൾ: tsrcoll.ker@nic.in (കളക്ടറേറ്റ്), thlrtsr.ker@nic.in (തൃശൂർ താലൂക്ക്), thlrtpy.ker@nic.in (തലപ്പിളളി താലൂക്ക്), thlrmkm.ker@nic.in (മുകുന്ദപുരം താലൂക്ക്), thlrckd.ker@nic.in (ചാവക്കാട് താലൂക്ക്), thlrkdr.ker@nic.in (കൊടുങ്ങല്ലൂർ താലൂക്ക്), thlrckdy.ker@nic.in (ചാലക്കുടി താലൂക്ക്), thlrkkm.ker@nic.in (കുന്നംകുളം താലൂക്ക്), thrissur.rdo@gmail.com (തൃശൂർ റവന്യൂ ഡിവിഷണൽ ഓഫീസ്), rdoijk.rev@kerala.gov.in (ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണൽ ഓഫീസ്)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com