കൊറോണ: മലയാറ്റൂർ കുരിശുമുടി തീർത്ഥാടനം നിർത്തിവച്ചു

കൊറോണ: മലയാറ്റൂർ കുരിശുമുടി തീർത്ഥാടനം നിർത്തിവച്ചു
കൊറോണ: മലയാറ്റൂർ കുരിശുമുടി തീർത്ഥാടനം നിർത്തിവച്ചു

കൊച്ചി: കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മലയാറ്റൂർ കുരിശുമുടി തീർത്ഥാടനം നിർത്തിവച്ചു. നാളെ മുതലാണ് തീർത്ഥാടനം താത്കാലികമായി നിർത്തിവച്ചത്. 

വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മത- സാമുദായിക നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കോഴിക്കോട് പട്ടാളപ്പള്ളിയില്‍ വെള്ളിയാഴ്ചയുള്ള ജുമാ നമസ്‌കാരം മാറ്റിവച്ചു. നാളെ കാലത്ത് മുതല്‍ വിവിധ ഘട്ടങ്ങളില്‍ നടക്കുന്ന നമസ്‌കാര ചടങ്ങുകളില്‍ കൂട്ട നമസ്‌കാരം ഉണ്ടാകില്ലെന്ന് അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

ആള്‍ക്കൂട്ടം വലിയ തോതില്‍ വരാന്‍ സാധ്യതയുള്ള ഒരു ഉത്സവം കൊടുങ്ങല്ലൂര്‍ ഭരണിയാണ്. ജനപങ്കാളിത്തം വലിയ തോതില്‍ കുറയ്‌ക്കേണ്ടതുണ്ട്. അക്കാര്യത്തില്‍ പൂര്‍ണ സഹകരണം ക്ഷേത്രവുമായി ബന്ധപ്പെവര്‍ വാഗ്ദാനം ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു. 

കെസിബിസി കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാനുള്ള സര്‍ക്കുലര്‍ ഇറക്കി സഹകരണം പ്രഖ്യാപിച്ചു. മുസ്ലിം പള്ളികള്‍ വെള്ളിയഴ്ച പ്രാര്‍ത്ഥനയിലും ക്രിസ്ത്യന്‍ പള്ളികള്‍ ഞായറാഴ്ച പ്രാര്‍ത്ഥനയിലും ആള്‍ക്കൂട്ടം ഒഴിവാക്കണം. 

ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും പൊങ്കാലകളും നിയന്ത്രിക്കണം. ചടങ്ങുകള്‍ മാത്രം നടത്തുക. ഇതിന് മാതൃകപരമായ ഇടപെടല്‍ പത്തനംതിട്ടയിലുണ്ടായി. ഏത് ആരാധനാലയത്തിലും അവിടുത്തെ ചടങ്ങില്‍ പത്തിലധികം ആളുകള്‍ വേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. ജില്ലയിലെ മൊത്തം ആരാധനാലയങ്ങള്‍ സ്വീകരിച്ചത് മാതൃകാപരമായ നിലപാടാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com