'വിദേശത്ത് നിന്നെത്തിയതാണ്; ആരും ഇങ്ങോട്ട് വരരുത്'

പോസ്റ്റര്‍ ശ്രദ്ധയില്‍പ്പെടാതെ ആരെങ്കിലും വീട്ടിലേക്ക് പ്രവേശിക്കുന്നത് തടയാനായി വരാന്തയില്‍ വലകെട്ടിയിട്ടുമുണ്ട്
'വിദേശത്ത് നിന്നെത്തിയതാണ്; ആരും ഇങ്ങോട്ട് വരരുത്'

കായക്കൊടി: വിദേശരാജ്യങ്ങളില്‍ നിന്നെത്തി സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും കൊറോണ ജാഗ്രതാനിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി പൊതുയിടങ്ങളില്‍ കറങ്ങിനടക്കുന്നവര്‍ മനസിലാക്കണം കായക്കൊടി സ്വദേശിയായ വി.കെ. അബ്ദുള്‍ നസീറിന്റെ അകലംപാലിക്കല്‍.അദ്ദേഹം സ്വീകരിച്ച മാതൃക സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വീടിന് മുന്നില്‍ വലിയ ഒരു പോസ്റ്ററാണ് അബ്ദുല്‍ അസീസ് ഒട്ടിച്ചത്. വിദേശയാത്ര കഴിഞ്ഞ് വീട്ടിലെത്തിയ ഇവര്‍ വീടിന്റെ മുന്നില്‍ 'ആരും ഇങ്ങോട്ട് വരരുത്, ഞങ്ങള്‍ ഗള്‍ഫില്‍നിന്ന് വന്നതാണ്. മാര്‍ച്ച് 31 വരെ സന്ദര്‍ശകരെ സ്വീകരിക്കില്ലെ'ന്ന പോസ്റ്റര്‍ പതിച്ചിരിക്കുകയാണ്. പോസ്റ്റര്‍ ശ്രദ്ധയില്‍പ്പെടാതെ ആരെങ്കിലും വീട്ടിലേക്ക് പ്രവേശിക്കുന്നത് തടയാനായി വരാന്തയില്‍ വലകെട്ടിയിട്ടുമുണ്ട്.

ഖത്തറിലെ സന്ദര്‍ശനത്തിനുശേഷം അഞ്ചുദിവസംമുമ്പാണ് കായക്കൊടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍കൂടിയായ അബ്ദുള്‍ നസീറും ഭാര്യയും നാട്ടില്‍ എത്തിയത്. ദിവസങ്ങളായിട്ടും സ്വന്തം മക്കളോ, ബന്ധുജനങ്ങളോ, അയല്‍വാസികളോ ആരുംതന്നെ ഇവരെ നേരിട്ട് കണ്ടിട്ടില്ല. 
 
രണ്ടുമാസത്തെ സന്ദര്‍ശനം കഴിഞ്ഞ് ഖത്തര്‍ എയര്‍വേസില്‍ തിരിച്ചെത്തിയ നസീറും ഭാര്യയും കൊറോണരോഗത്തെക്കുറിച്ച് വ്യക്തമായ അറിവും ജാഗ്രതയും ഉണ്ടായിരുന്നതിനാല്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ച മുന്‍കരുതലുകള്‍ കൃത്യമായി പാലിച്ചിരുന്നു. 14 ദിവസം ജനസമ്പര്‍ക്കമില്ലാതെ നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശം അക്ഷരംപ്രതി പാലിക്കുകയാണ്, ഈ ദമ്പതിമാര്‍. അയല്‍വാസികളോടുപോലും വീട്ടില്‍ വരരുതെന്നുപറഞ്ഞ ഇവര്‍ ആവശ്യമുള്ള ആളുകളെ ഫോണ്‍ വിളിയിലൂടെയും വാട്‌സാപ്പിലൂടെയുമാണ് ബന്ധപ്പെടുന്നത്. ഭക്ഷണം ഉള്‍പ്പടെ ആവശ്യമുള്ള സാധനങ്ങള്‍ക്ക് ബന്ധുക്കള്‍ക്ക് സന്ദേശം നല്‍കും. ഇതുപ്രകാരം ആവശ്യമുള്ള സാധനങ്ങള്‍ വീടിന് പുറത്തുവെച്ച മേശപ്പുറത്ത് അവര്‍ കൊണ്ടെത്തിക്കുകയും മേശ സ്പര്‍ശിക്കാതെ ഇവര്‍ എടുത്തുകൊണ്ടുപോകുകയും ചെയ്യുന്നു.

വി.കെ. അബ്ദുള്‍ നസീറിന്റെ മാതൃകാപരമായ ജാഗ്രതാപ്രവര്‍ത്തനം സുഹൃത്ത് വീഡിയോ വഴി സമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ വലിയ അംഗീകാരമാണ് ഇവര്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com