തോമസ് ഐസക് കൊറോണയെക്കാള്‍ വലിയ ദുരന്തം; ധനമന്ത്രിക്ക് വി മുരളീധരന്റെ മറുപടി

കേരളത്തിന്റെ ധനമന്ത്രി ഡോ ടി എം തോമസ് ഐസക്ക് കൊറോണയേക്കാള്‍ വലിയ ദുരന്തമാണെന്നാണ് തോന്നുന്നതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍
തോമസ് ഐസക് കൊറോണയെക്കാള്‍ വലിയ ദുരന്തം; ധനമന്ത്രിക്ക് വി മുരളീധരന്റെ മറുപടി

തിരുവനന്തപുരം: ധനമന്ത്രി  തോമസ് ഐസക്ക് കൊറോണയേക്കാള്‍ വലിയ ദുരന്തമാണെന്നാണ് തോന്നുന്നതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക സഹായം പ്രഖ്യാപിക്കുന്നില്ലെന്ന തോമസ് ഐസക്കിന്റെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ലോക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടും 24 മണിക്കൂര്‍ ആലോചിക്കാന്‍ കാത്തു നിന്ന ഇടത് സര്‍ക്കാരിന്റെ ഭാഗമായ തോമസ് ഐസക്കിന് എന്ത് ധാര്‍മ്മികതയാണുള്ളതെന്ന് മുരളീധരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. 

'ലോക് ഡൗണ്‍ ഒക്കെ പ്രഖ്യാപിച്ച് വലിയ വാശിയില്‍ പാട്ട കൊട്ടലൊക്ക നടന്നു, പക്ഷേ ഇന്നലെ പാര്‍ലമെന്റ് പിരിയുമ്പോഴെങ്കിലും ഒരു പ്രഖ്യാപനമുണ്ടാകും എന്ന് കരുതി, ഇല്ല'എന്നായിരുന്നു ധനമന്ത്രിയുടെ വിമര്‍ശനം. 

'തമ്മില്‍ വിമര്‍ശിക്കേണ്ട സമയമില്ലിത്. പക്ഷേ ഇനിയും കയ്യും കെട്ടി നോക്കിയിരിക്കുന്നത് എങ്ങനെ? സംസ്ഥാന ധനമന്ത്രിമാരോട് ചര്‍ച്ച ചെയ്യുന്ന ഒരു ഏര്‍പ്പാടുമില്ല. അടിയന്തരമായി കേന്ദ്രധനമന്ത്രി സംസ്ഥാന മന്ത്രിമാരോട് വീഡിയോ കോണ്‍ഫറന്‍സ് നടത്തണം. അധികം ധനസഹായം പ്രഖ്യാപിക്കണം. അതല്ലെങ്കില്‍ കൊറോണക്കാലമാണെങ്കിലും ശക്തമായ പ്രതിഷേധങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ മുതിരും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരളത്തിന്റെ ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് കൊറോണയെക്കാള്‍ വലിയ ദുരന്തമാണല്ലോയെന്നാണ് ഇന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ തോന്നിയത്. ലോക് ഡൗണ്‍ വലിയവായില്‍ പ്രഖ്യാപിച്ചു,പാട്ട കൊട്ടലും നടന്നു, പക്ഷേ സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കുന്നില്ല എന്നാണ് ധനമന്ത്രിയുടെ ആവലാതി. ഒരു കാര്യം ചോദിക്കട്ടേ പ്രിയപ്പെട്ട ഐസക്, ലോക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടും 24 മണിക്കൂര്‍ ആലോചിക്കാന്‍ കാത്തു നിന്ന ഇടത് സര്‍ക്കാരിന്റെ ഭാഗമായ അങ്ങേക്ക് എന്ത് ധാര്‍മ്മികതയാണുള്ളത്? ലോക് ഡൗണിനെപ്പോലും പ്രഹസനമാക്കുകയല്ലേ കേരളം.?

7 മുതല്‍ 5 വരെ നാട്ടിലിറങ്ങി, കടകള്‍ തോറും കയറിയിറങ്ങുന്നതാണോ സമൂഹ വ്യാപനം തടയാനുള്ള മാര്‍ഗം? ഹര്‍ത്താല്‍ ദിനമിതിലും എത്രയോ ഭേദമാണ്! ബിവറേജസടച്ചാല്‍ വരുമാനം കുറയുമെന്ന ലാഭൈക ദൃക്കായ അങ്ങയുടെ കാഴ്ച്ചപ്പാടിനും ഇരിക്കട്ടെ കയ്യടി ജനങ്ങളെ വീട്ടിലിരുത്തി കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം തടയുന്നതിന് പകരം കള്ളുകച്ചവടത്തിലൂടെ ഖജനാവ് നിറയ്ക്കുന്ന താങ്കളെപ്പോലെയുള്ളവരില്‍ നിന്ന് ധാര്‍മ്മികത പ്രതീക്ഷിച്ചതാണ് തെറ്റ്.

കൊറോണ കാലത്തെ സാമ്പത്തിക സഹായം അടക്കം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന ധന മന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സ് അടിയന്തരമായി വിളിച്ചു കൂട്ടണം എന്നതാണല്ലോ തോമസ് ഐസകിന്റെ പ്രധാന ആവശ്യം. മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് പോരെന്നാണോ ? മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കൊറോണ പ്രതിരോധ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം നടത്തി മുന്‍നിരയില്‍ നില്‍ക്കുന്നതിന്റെ കൊതിക്കെറുവാണ് താങ്കള്‍ക്കെന്ന് പലരും പറയുന്നുണ്ടെങ്കിലും ഞാനത് വിശ്വസിച്ചിട്ടില്ല.

തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും പെന്‍ഷന്‍കാര്‍ക്കുള്ള പണം കൈകളില്‍ എത്തിക്കാനുള്ള അധിക സഹായം നല്‍കണമെന്ന ആവശ്യം തികച്ചും ന്യായമാണ്. കേന്ദ്ര നിര്‍ദ്ദേശം പാലിച്ചല്ല കേരളത്തില്‍ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതെന്ന് സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിലൂടെ വ്യക്തമായതാണ്.അതില്‍ കണ്ടെത്തിയ ക്രമക്കേട് സംബന്ധിച്ച് ധനമന്ത്രിക്ക് ഒന്നും പറയാനില്ലേ? ഓഡിറ്റ് നടത്തിയ ആളെ പുറത്താക്കി അഴിമതി മൂടിവയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പണം കിട്ടാത്തത് ഇത്തരം ക്രമക്കേടുകള്‍ കാരണമാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ ഇതുവരെ അനുവദിച്ച പണത്തിന്റെ കണക്കു പോലും കൃത്യമായി കേന്ദ്ര സര്‍ക്കാരിന് കൊടുക്കാത്തത് എന്തുകൊണ്ടാണെന്ന് കൂടി ധനമന്ത്രി ജനങ്ങളോട് പറയണം. അല്ലാതെ, ദുരന്തകാലത്ത് ഇല്ലായ്മയുടെ പിതൃത്വം കേന്ദ്ര സര്‍ക്കാരിന് മേല്‍ കെട്ടി വയ്ക്കുകയല്ല ചെയ്യേണ്ടത്!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com