വില കൂട്ടാനും പൂഴ്ത്തിവെക്കാനുമുള്ള പ്രവണത കാണുന്നു; സാഹചര്യം മുതലെടുക്കാന്‍ ആരും ശ്രമിക്കരുത്; ദാക്ഷിണ്യമില്ലാത്ത നടപടിയെന്ന് മുഖ്യമന്ത്രി

അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ വൈകീട്ട് അഞ്ച് വരെ മാത്രമെ തുറക്കാന്‍ പാടുള്ളു - വിനോദത്തിനും ആര്‍ഭാടത്തിനുമുള്ള ഒരു കടയും തുറക്കില്ല
വില കൂട്ടാനും പൂഴ്ത്തിവെക്കാനുമുള്ള പ്രവണത കാണുന്നു; സാഹചര്യം മുതലെടുക്കാന്‍ ആരും ശ്രമിക്കരുത്; ദാക്ഷിണ്യമില്ലാത്ത നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വില കൂട്ടാനും സാധനങ്ങള്‍ പൂഴ്ത്തിവെയ്ക്കാനുമുള്ള പ്രവണത കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാഹചര്യം മുതലെടുക്കാന്‍ ആരും ശ്രമിക്കരുതെന്നും അത്തരക്കാര്‍ക്കെതിരെ ദാക്ഷിണ്യമില്ലാത്ത നടപടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ വൈകീട്ട് അഞ്ച് വരെ മാത്രമെ തുറക്കാന്‍ പാടുള്ളു. കടകള്‍ ആളുകളുടെ അത്യാവശ്യത്തിനാണ് തുറക്കുന്നത്. വിനോദത്തിനും ആര്‍ഭാടത്തിനുമുള്ള ഒരു കടയും തുറക്കില്ല. കടകളിലെത്തി കൃത്യമായ സുരക്ഷാക്രമീകരണങ്ങളോടെയാവണം സാധനങ്ങള്‍ വാങ്ങേണ്ടത്. വാങ്ങിയ ശേഷം അവിടെ തങ്ങിനില്‍ക്കാന്‍ പാടില്ല. കടകളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍   ഒരുക്കിയിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാവരോടും പറയാനുള്ളത് സാഹചര്യം മുതലെടുക്കാന്‍ ആരും ശ്രമിക്കരുതെന്നാണ്. ഇത് ഒരു അവസരമാണ്് അല്‍പം വില കൂട്ടിക്കളയാം എന്ന ധാരണയില്‍ ആരും നീങ്ങാന്‍ പാടില്ല. വില കൂട്ടിവില്‍ക്കാനോ പൂഴ്ത്തിവെക്കാനോ പാടില്ല. ചെറിയ ചില പ്രവണത ആരംഭിച്ചതായി കാണുന്നുണ്ട്. സാധാരണഗതിയില്‍ ഇത്തരം കാര്യങ്ങള്‍ പരിശോധിക്കാനുള്ള സംവിധാനം ഉണ്ട്. അത് ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  വിലകൂട്ടി വില്‍ക്കുന്നവര്‍ക്കെതിരെ  ഒരുദാക്ഷിണ്യവും ഇല്ലാത്ത നടപടിയുണ്ടാകും.കുറച്ച് കാശ് മോഹിച്ച് ഇതുപോലെ കാര്യങ്ങള്‍ ചെയ്താല്‍ വലിയ വിഷമം അനുഭവിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അവശ്യസര്‍വീസുകളുടെ ഭാഗമായി ജോലിക്കെത്തേണ്ടവരുണ്ട്. അവര്‍ക്ക് പാസ് സൗകര്യം ഏര്‍പ്പെടുത്താന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട് മാധ്യമപ്രവര്‍ത്തകരും സര്‍ക്കാര്‍ ജീവനക്കാരും അവരുടെ ഐഡികാര്‍ഡ്് ഉപയോഗിച്ചാല്‍ മതിയെന്നും പിണറായി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com