ഏപ്രില്‍ 14 വരെ ബെവ്‌കോ തുറക്കില്ല ; ഓണ്‍ലൈന്‍ മദ്യവില്‍പ്പനയില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് മന്ത്രി, വ്യാജവാറ്റ് തടയാന്‍ കര്‍ശന നടപടി

മദ്യത്തിന് സമാനമായി മറ്റെന്തെങ്കിലും പാനീയങ്ങളില്‍ ലഹരി ചേര്‍ക്കാനോ, മദ്യം സ്വന്തമായി നിര്‍മ്മിക്കാനോ സാധ്യതയുണ്ട്
ഏപ്രില്‍ 14 വരെ ബെവ്‌കോ തുറക്കില്ല ; ഓണ്‍ലൈന്‍ മദ്യവില്‍പ്പനയില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് മന്ത്രി, വ്യാജവാറ്റ് തടയാന്‍ കര്‍ശന നടപടി

തിരുവനന്തപുരം : ലോക്ക് ഡൗണ്‍ കഴിയുന്നതുവരെ ബെവ്‌കോ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു. ലോക്ക്ഡൗണ്‍ അവസാനിക്കുന്നതു വരെ നിലവിലെ സ്ഥിതി തുടരും. മദ്യം ഓണ്‍ലൈനില്‍ നല്‍കുന്ന കാര്യം സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. മദ്യ ഉപഭോഗം കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. 

ബെവ്‌കോയും ബാറുകളും അടച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് വ്യാജവാറ്റ് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എക്‌സൈസ് കമ്മീഷണര്‍ ആനന്ദകൃഷ്ണന്‍ പറഞ്ഞു. ബാറുകളില്‍ പിന്‍വാതില്‍ കച്ചവടം നടത്തിയാല്‍ കര്‍ശന നടപടിയെടുക്കും. മദ്യലഭ്യത ഇല്ലാതായത് ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാമെന്നും എക്‌സൈസ് കമ്മീഷണര്‍ വ്യക്തമാക്കി. 

മദ്യത്തിന് സമാനമായി മറ്റെന്തെങ്കിലും പാനീയങ്ങളില്‍ ലഹരി ചേര്‍ക്കാനോ, മദ്യം സ്വന്തമായി നിര്‍മ്മിക്കാനോ സാധ്യതയുണ്ട്. അതുപോലെ മയക്കുമരുന്ന് പോലുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം കൂടാനും സാധ്യതയേറെയാണ്. ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അതിര്‍ത്തി ചെക്‌പോസ്റ്റുകളിലും എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

പൂട്ടിയ ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളില്‍ എവിടെയൊക്കെ പൊലീസ് സുരക്ഷ വേണമെന്നത് സംബന്ധിച്ച് ബെവ്‌കോ എം ഡി ഡിജിപിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. മദ്യശാലകളിലും ഗോഡൗണുകളിലും പെട്രോളിങ് നടത്താനും, വ്യാജമദ്യം എത്തുന്നില്ലെന്ന് ഉറപ്പാക്കാനും എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആനന്ദകൃഷ്ണന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com