അതിഥി തൊഴിലാളികള്‍ക്കായി കൂടുതല്‍ ട്രെയിനുകള്‍ നാളെ മുതല്‍ ; തിരക്ക് കൂട്ടരുതെന്ന് ആഭ്യന്തര സെക്രട്ടറി

അധികൃതരുടെ നിര്‍ദേശങ്ങളും കോവിഡ് നിയന്ത്രണങ്ങളും പാലിക്കാന്‍ തയ്യാറാകണമെന്നും വിശ്വാസ് മേത്ത ആവശ്യപ്പെട്ടു
അതിഥി തൊഴിലാളികള്‍ക്കായി കൂടുതല്‍ ട്രെയിനുകള്‍ നാളെ മുതല്‍ ; തിരക്ക് കൂട്ടരുതെന്ന് ആഭ്യന്തര സെക്രട്ടറി

തിരുവനന്തപുരം : ലോക്ക്ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെ സ്വദേശത്ത് എത്തിക്കുന്നതിനായി നാളെ മുതല്‍ കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി വിശ്വാസ് മേത്ത. നാളെ അഞ്ചു ട്രെയിനുകള്‍ ഓടിക്കാനാണ് ആലോചിക്കുന്നത്. അസം, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും ട്രെയിനുകള്‍ ഓടിക്കുമെന്ന് വിശ്വാസ് മേത്ത പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ അടക്കമുള്ളവര്‍ ചര്‍ച്ചകള്‍ തുടരുകയാണ്. അതത് സംസ്ഥാനങ്ങളുടെ കൂടി അനുമതിയോടെ മാത്രമേ ട്രെയിനുകള്‍ പുറപ്പെടാനാകൂ. ആദ്യ ട്രെയിന്‍ പുറപ്പെടുന്നതുമായി ബന്ധപ്പെട്ട് ഒഡീഷ ചീഫ് സെക്രട്ടറിയുമായി താന്‍ നേരിട്ട് സംസാരിച്ചതായും വിശ്വാസ് മേത്ത പറഞ്ഞു. ജില്ലകളിലെ പ്രധാന സ്റ്റേഷനുകളില്‍ നിന്നെല്ലാം ട്രെയിന്‍ ഓടിക്കാനാണ് ആലോചിക്കുന്നത്. വിവിധ ജില്ലകളിലുള്ള തൊഴിലാളികളെ അതത് ജില്ലാ കളക്ടര്‍മാരും ലേബര്‍ ഓഫീസര്‍മാരുമാണ് കണ്ടെത്തി സ്റ്റേഷനിലെത്തിക്കാന്‍ നടപടി സ്വീകരിക്കേണ്ടത്.

തൊഴിലാളികള്‍ ട്രെയിനില്‍ കയറാന്‍ തിരക്കുകൂട്ടരുത്. ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കരുത്. പ്രശ്‌നം ഉണ്ടാക്കിയാല്‍ റെയില്‍വേ സര്‍വീസ് നിര്‍ത്തിയാല്‍ തിരിച്ചടിയാകും. അതിനാല്‍ അധികൃതരുടെ നിര്‍ദേശങ്ങളും കോവിഡ് നിയന്ത്രണങ്ങളും പാലിക്കാന്‍ തയ്യാറാകണമെന്നും വിശ്വാസ് മേത്ത ആവശ്യപ്പെട്ടു. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും തിരികെ നാട്ടിലെത്തിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്നും ആഭ്യന്തര സെക്രട്ടറി പറഞ്ഞു.

കേരളത്തില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള ആദ്യ ട്രെയിന്‍ ഇന്ന് പുറപ്പെടും. ആലുവയില്‍ നിന്നും വൈകീട്ട് 5.30നാണ് തീവണ്ടി പുറപ്പെടുക. ഒഡീഷയിലെ ഭുവനേശ്വറിലേക്കാണ് ട്രെയിന്‍ പുറപ്പെടുക. 1200 തൊഴിലാളികളെയാണ് ആദ്യഘട്ടത്തില്‍ നാട്ടിലെത്തിക്കുക. നോണ്‍ സ്‌റ്റോപ്പ് ട്രെയിനായിരിക്കും ഓടുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com