ഗ്രീന്‍ സോണായി എന്ന് കരുതി എല്ലാം തുറന്നു എന്ന് കരുതരുത്; വിമാനത്താവളം ഉളളതിനാല്‍ ജാഗ്രത തുടരും: മന്ത്രി വി എസ് സുനില്‍കുമാര്‍

ജില്ലയില്‍ ജാഗ്രത തുടരുമെന്ന് പറഞ്ഞ മന്ത്രി ഇളവുകള്‍ ഘട്ടം ഘട്ടമായി മാത്രമേ നടപ്പാക്കുകയുളളൂവെന്നും പറഞ്ഞു
ഗ്രീന്‍ സോണായി എന്ന് കരുതി എല്ലാം തുറന്നു എന്ന് കരുതരുത്; വിമാനത്താവളം ഉളളതിനാല്‍ ജാഗ്രത തുടരും: മന്ത്രി വി എസ് സുനില്‍കുമാര്‍

കൊച്ചി: കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ എറണാകുളം ജില്ലയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചുവെങ്കിലും, മുന്നറിയിപ്പുമായി ജില്ലയുടെ ചുമതലയുളള മന്ത്രി വി എസ് സുനില്‍കുമാര്‍. ജില്ലയില്‍ ജാഗ്രത തുടരുമെന്ന് പറഞ്ഞ മന്ത്രി ഇളവുകള്‍ ഘട്ടം ഘട്ടമായി മാത്രമേ നടപ്പാക്കുകയുളളൂവെന്നും പറഞ്ഞു. രാജ്യത്തെ ഗ്രീന്‍ സോണുകളുടെ പട്ടികയിലാണ് കേന്ദ്രസര്‍ക്കാര്‍ എറണാകുളം ജില്ലയെയും ഉള്‍പ്പെടുത്തിയത്.

എറണാകുളം ജില്ലയെ ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തി എന്ന് കരുതി എല്ലാം തുറന്നു എന്ന് കരുതരുത്. വിമാനത്താവളവും തുറമുഖവും ഉളളതിനാല്‍ ജില്ലയില്‍ ജാഗ്രത തുടരും. ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന ഒരേയൊരു രോഗിയുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവാണ്. രണ്ടാമത്തെ ഫലം ഇന്ന് പുറത്തുവരുമെന്നും മന്ത്രി പറഞ്ഞു.ജില്ലയില്‍ 714 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 698 പേര്‍ വീടുകളിലും 16 പേര്‍ ആശുപത്രികളിലുമാണ്. എട്ടുപേരെയാണ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

രാജ്യത്തെ 319 ജില്ലകളാണ് ഗ്രീന്‍ സോണിലുള്ളത്. വയനാടും എറണാകുളവും ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയിലെ 284 ജില്ലകള്‍ ഓറഞ്ച് സോണിലും ഉള്‍പ്പെടുന്നു. കേരളത്തിലെ 10 ജില്ലകളും ഇതില്‍പ്പെടുന്നു. കേരളം നേരത്തെ ഗ്രീന്‍ സോണുകളെ എല്ലാം ഓറഞ്ച് സോണുകളാക്കി മാറ്റി നിയന്ത്രണം കര്‍ശനമാക്കിയിരുന്നു. ഇതില്‍ നിന്നും വിരുദ്ധമായി സംസ്ഥാനത്തെ രണ്ട് ജില്ലകളെ കേന്ദ്രപട്ടികയില്‍ ഗ്രീന്‍ സോണുകളായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഗ്രീന്‍സോണുകളില്‍ നിയന്ത്രിതമായ രീതിയില്‍ പൊതുഗതാഗതം അടക്കം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

കോവിഡ് വ്യാപനം കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ പട്ടിക പ്രകാരം രാജ്യത്തെ 130 ജില്ലകള്‍ റെഡ് സോണിലാണ്. രാജ്യത്തെ എല്ലാ മെട്രോ നഗരങ്ങളും റെഡ് സോണിലാണ്. കേരളത്തില്‍ നിന്നും കോട്ടയവും കണ്ണൂരും കോവിഡ് തീവ്രബാധിത മേഖല (റെഡ് സോണ്‍) യില്‍ ഉള്‍പ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com