ഇന്ന് അഞ്ച് ട്രെയിനുകൾ ; അതിഥി തൊഴിലാളികളുമായി കേരളത്തിൽ നിന്നും ബീഹാറിലേക്ക് സർവീസ്

ഇതുവരെ 6859 തൊഴിലാളികളാണ് വിവിധ സംസ്ഥാനങ്ങളിലേക്ക് പുറപ്പെട്ടത്
ഇന്ന് അഞ്ച് ട്രെയിനുകൾ ; അതിഥി തൊഴിലാളികളുമായി കേരളത്തിൽ നിന്നും ബീഹാറിലേക്ക് സർവീസ്

തിരുവനന്തപുരം : അതിഥി തൊഴിലാളികളെ സ്വദേശത്ത് എത്തിക്കുന്നതിന്റെ ഭാ​ഗമായി സംസ്ഥാനത്ത് നിന്നും അന്ന് അഞ്ച് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും. കോഴിക്കോട്, കണ്ണൂർ, തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നാണ് ട്രെയിന്‍ സര്‍വീസുകള്‍. ബീഹാറിലേക്കാണ് ട്രെയിനുകൾ സർവീസ് നടത്തുന്നത്.

കോഴിക്കോട് നിന്ന് ബിഹാറിലെ പട്നയിലേക്കാണ് ട്രെയിന്‍. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ക്യാമ്പുകളില്‍ കഴിയുന്ന 1200 അതിഥി തൊഴിലാളികളാണ് ബിഹാറിലെത്തിക്കുക. കഴിഞ്ഞ ദിവസം റാഞ്ചിയിലേക്ക് 1175 യാത്രക്കാരുമായി മറ്റൊരു ട്രെയിന്‍ പുറപ്പെട്ടിരുന്നു.
 
കണ്ണൂരില്‍ നിന്ന് അഞ്ച് മണിക്കാണ് ട്രെയിന്‍ പുറപ്പെടുക. 1230 അതിഥി തൊഴിലാളികളെയാണ് കൊണ്ടുപോവുക. തൃശൂരില്‍ നിന്ന് ബിഹാറിലെ ദര്‍ഭംഗയിലേക്കാണ് ട്രെയിന്‍. ഇന്ന് വൈകിട്ട് അഞ്ചിനാണ് തൃശ്ശൂരില്‍ നിന്ന് പുറപ്പെടുക. 1200 പേരെ കൊണ്ടുപോകാനാണ് തീരുമാനം.

എറണാകുളത്ത് നിന്ന് ഇന്ന് രണ്ട് ട്രെയിനുകളാണ് ബിഹാറിലേക്ക് പുറപ്പെടുക. ഒരു ട്രെയിൻ ഉച്ചയ്ക്ക് ശേഷം എറണാകുളം സൗത്തില്‍ നിന്നും മറ്റൊന്ന് വൈകീട്ട് മൂന്നുമണിയോടെ ആലുവയിൽ നിന്നുമാണ് പുറപ്പെടുക. കേരളത്തില്‍ തുടരാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവരെ നിര്‍ബന്ധിച്ച് മടക്കി അയയ്ക്കേണ്ടതില്ല. സ്വദേശത്തേക്ക് മടങ്ങണമെന്ന് നിര്‍ബന്ധം പിടിക്കുന്ന അതിഥി തൊഴിലാളികളെ മാത്രം സ്വന്തം നാട്ടിലേക്ക് മടക്കി അയച്ചാല്‍ മതിയെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് നിര്‍ദേശിച്ചു.
 
ഇതുവരെ ആലുവ എറണാകുളം കോഴിക്കോട് തിരൂര്‍ തിരുവനന്തപുരം എന്നീ സ്റ്റേഷനുകളില്‍ നിന്നായി 6859 തൊഴിലാളികളാണ് വിവിധ സംസ്ഥാനങ്ങളിലേക്ക് പുറപ്പെട്ടത്. വരും ദിവസങ്ങളില്‍ ആലപ്പുഴ പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള അന്തര്‍സംസ്ഥാന തൊളിലാളികളേയും യാത്രയാക്കും. എന്നാല്‍ കൂടുതല്‍ തൊഴിലാളികള്‍ എത്തിയ ബംഗാള്‍, അസ്സം, ഒഡീഷ പോലുള്ള സംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ യാത്രക്ക് ആവശ്യം ഉന്നയിക്കുമ്പോഴും ബീഹാറിലേക്കാണ് റയില്‍വെ കൂടുതല്‍ ട്രെയിനുകള്‍ അനുവദിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com